തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ തുടര്‍ പ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ ഒന്ന് വരെ നീളുന്ന ആദ്യഘട്ടത്തിലെ പ്രവര്‍ത്തനം വിലയിരുത്തിയാകും തുടര്‍ പ്രവര്‍ത്തനങ്ങള്‍. ക്യാമ്പയിന് പിന്തുണ ആവശ്യപ്പെട്ട് ഇന്ന് (സെപ്‌റ്റംബര്‍ 27) ഉച്ചയ്‌ക്ക് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പരിപാടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്തവര്‍ പൂര്‍ണ പിന്തുണയും സഹകരണവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസിലാക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്‌കരണം നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ഭാഷയില്‍ ബോധവത്കരണം ചെയ്യും. എന്‍ഫോഴ്സ്മെന്‍റ് വിഭാഗങ്ങളായ പൊലീസ്, എക്സൈസ്, നാര്‍കോട്ടിക് സെല്‍ തുടങ്ങിയവയുടെ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.
'ഡാറ്റാബാങ്ക് തയ്യാറാക്കി': കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കി കഴിഞ്ഞു. പിടിക്കപ്പെട്ടാല്‍ നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട വിവരവും കോടതിയില്‍ സമര്‍പ്പിക്കും. ഇതിലൂടെ കൂടുതല്‍ ശിക്ഷ ഉറപ്പിക്കാനാകും. കാപ്പ മാതൃകയില്‍ ഇത്തരം കേസുകള്‍ക്ക് ബാധകമായ നിയമം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത ശക്തിപ്പെടുത്തും. സ്‌കൂളുകളില്‍ പുറത്ത് നിന്നും വരുന്നവരുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഡി അഡിക്ഷന്‍ സെന്‍ററുകള്‍ വ്യാപിപ്പിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലും സെന്‍ററുകള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
സിന്തറ്റിക് രാസലഹരി പോലുള്ളവയുടെ ഉപയോഗം വലിയ ഭീഷണിയാണ്. ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ ലഹരി ഉപയോഗം നടക്കുകയാണ്. ഇത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.