തിരുവനന്തപുരം: തിരുവാഭരണ ഘോഷയാത്രയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 13 തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്. മൂന്ന് പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.
ഗോപുരത്തിന്‍റെ ആകൃതിയിലുള്ള നെട്ടൂര്‍ പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള തനി തങ്കത്തില്‍ തീര്‍ത്ത തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, ആന, കടുവ, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്‌മീരൂപം, പൂന്തട്ടം, നവരത്നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം എന്നിവയും രണ്ടാമത്തെ പെട്ടിയില്‍ തങ്കത്തില്‍ തീര്‍ത്ത കലശത്തിനുള്ള തൈലക്കുടവും ശബരിമലയില്‍ നടക്കുന്ന പ്രത്യേക പൂജകള്‍ക്കായുള്ള പൂജാപ്പാത്രങ്ങളും ആണ്. കൊടിപ്പെട്ടി എന്നു വിളിക്കുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള മൂന്നാമത്തെ പെട്ടിയിൽ മലദൈവങ്ങള്‍ക്കായുള്ള കൊടികൾ, നെറ്റിപ്പട്ടം, ജീവത, മെഴുവട്ടക്കുട എന്നിവയാണ്. തിരുവാഭരണ ഘോഷയാത്രയില്‍ ഉടനീളം നെട്ടൂര്‍ പെട്ടി ഒന്നാമതായും, കോടിപ്പെട്ടി മൂന്നാമതായും ആണ് പോകുന്നത്. 54 ദിവസത്തെ വ്രതമനുഷ്‌ഠിച്ച 24 അയ്യപ്പഭക്തരാണ് തലച്ചുമടായി തിരുവാഭരണ പേടകങ്ങള്‍ പന്തളത്ത് നിന്നും ശബരിമലയിലേക്ക് വഹിച്ചുകൊണ്ട് പോകുന്നത്.
ജനുവരി പതിമൂന്നിന് രാവിലെ അഞ്ച് മണിക്ക് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം ദര്‍ശിക്കുവാന്‍ ഉച്ചയ്ക്ക് 12 മണി വരെ ഭക്തര്‍ക്ക് അനുവാദമുണ്ടായിരിക്കും. കൃത്യം പന്ത്രണ്ട് മണിക്ക് ക്ഷേത്ര നടയടച്ച് പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.