തിരുവനന്തപുരം: വിളപ്പിൽശാലയിലേക്ക് പശുക്കളുമായി വന്ന ലോറി നാട്ടുകാർ തടഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോശാലയിൽ നിന്നുള്ള പശുക്കളെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു നടപടി. പശുക്കളെ വിളപ്പിൽശാലയിലെ പഴയ ചവർ ഫാക്ടറിയിൽ കൊണ്ടുവരാൻ ശ്രമിച്ചതാണ് നാട്ടുകാർ തടഞ്ഞത്. മൂന്നു ലോറികളിൽ ആയി 37 പശുക്കളെയാണ് കൊണ്ടുവന്നത്. സംഭവമറിഞ്ഞ് തടിച്ചുകൂടിയ പ്രദേശവാസികളും നാട്ടുകാരും ലോറി തടയുകയായിരുന്നു. തുടർന്ന് വിളപ്പിൽശാല പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒരു കാരണവശാലും പശുക്കളെ ചവർ ഫാക്ടറി ഇറക്കി വിടാൻ കഴിയില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിന്‍റെ ഗോശാലയിലെ പശുക്കളുടെ ദയനീയസ്ഥിതി പുറത്ത് വന്നതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടിരുന്നു. പശുക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ നഗരസഭക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.