തിരുവനന്തപുരം: ലോക്‌ഡൗണിനെ തുടര്‍ന്ന് കേരളത്തിൽ കുടുങ്ങിയ റഷ്യന്‍ വിനോദ സഞ്ചാരികളുടെ മടക്കയാത്ര വീണ്ടും അനിശ്ചിതത്വത്തിൽ. റഷ്യയില്‍ നിന്നുള്ള വിമാനം ഇന്ത്യയിലെത്താൻ വൈകുന്നതാണ് യാത്ര മുടങ്ങാന്‍ കാരണം.
സംസ്ഥാനത്ത് കുടുങ്ങിയ 164 റഷ്യൻ സ്വദേശികളെ തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ ശനിയാഴ്‌ച ഇതിനുള്ള ശ്രമം നടത്തിയെങ്കിലും റഷ്യയിലെ കൊട്‌സോവ അന്താരാഷ്ട്ര വിമാനത്താവളം കൊവിഡിന്‍റെ പശ്ചാത്തലത്തിൽ അടച്ചതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. കൊവിഡ് രോഗ ബാധയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവരും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരുമാണ് റഷ്യയിലേക്ക് മടങ്ങുന്നത്.
ഇന്ന് രാവിലെ വൈദ്യപരിശോധന നടത്തിയ ശേഷം ഉച്ചയോടുകൂടി റഷ്യയിലേക്ക് അയക്കാനായിരുന്നു തീരുമാനം. വിമാനം വൈകിയതിനെ തുടര്‍ന്ന് ഇവരുടെ പരിശോധനയും താത്കാലികമായി നിര്‍ത്തിവെച്ചു.