തിരുവനന്തപുരം:വാളയാര്‍ പീഡനക്കേസിലെ ഇരകളുടെ മാതാപിതാക്കളെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠനും ഷാഫി പറമ്പില്‍ എം.എല്‍.എയും . ദേശീയ ബാലാവകാശ കമ്മിഷന്‍ അന്വേഷണത്തിന് പാലക്കാട് എത്തിയ അതേ ദിവസമാണ് സര്‍ക്കാര്‍ ഇവരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയതെന്നും വാളയാറില്‍ നിന്ന് പുറപ്പെട്ടതു മുതല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും നേതാക്കൾ പറഞ്ഞു.
കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയതിനു പിന്നില്‍ സിപിഎമ്മിൻ്റെ പങ്ക് വ്യക്തമാണ്. പ്രതികളിലൊരാള്‍ പാലക്കാട് മുന്‍ എം.പി എം.ബി.രാജേഷിൻ്റെ ഭാര്യാ സഹോദരന് ഒപ്പമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തു വന്നിട്ടുണ്ടെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഇരകളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കാണുന്നതില്‍ തെറ്റില്ല. എന്നാൽ ഇതുവരെ മാതാപിതാക്കളെ തിരിഞ്ഞു നോക്കാന്‍ തയ്യാറാകാതിരുന്നവര്‍ ഇപ്പോള്‍ തയ്യാറായതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കേസ് സി.ബി.ഐയെ കൊണ്ട് പുനരന്വേഷിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ പറഞ്ഞു.