തിരുവനന്തപുരം: ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചത് മൂലം സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും പ്രശ്‌നമുണ്ടായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയിൽ. കള്ളുഷാപ്പുകള്‍, ത്രീ സ്റ്റാര്‍ ബാറുകള്‍, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവയുടെ ദൂരപരിധി മുമ്പ് നിശ്ചയിച്ചതാണെന്നും ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ വഴിയുള്ള ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൈടെക് സൈബര്‍ സെല്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യക്തികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് തിരിച്ചറിയുന്നതിനുള്ള ഡിസ്‌പോസിബിള്‍ കിറ്റുകള്‍ ലഭ്യമാക്കും. എന്‍ഫോഴ്‌സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ അളവില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. എല്ലാ താലൂക്കുകളിലും ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.