തിരുവനന്തപുരം: വാഹന പരിശോധനക്കിടെ പൊലീസുകാരനെ സ്‌കൂട്ടർ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്‌ടാവ് ബാഹുലേയൻ പിടിയിൽ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയ്ക്കും പരിക്കേറ്റു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൗണ്ട് കടവിൽ പൊലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയ സ്‌കൂട്ടറിനെപ്പറ്റി വയർലെസ് സന്ദേശം അയച്ചു. തുടർന്ന് വേളിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് കൈ കാണിച്ചപ്പോഴാണ് ഹോംഗാർഡ് പാർത്ഥിപനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. തുടർന്ന് ബാഹുലേയനും നിയന്ത്രണം തെറ്റി റോഡിൽ വീഴുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളജിലെത്തിച്ചു. പിന്നീടാണ് പൊലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ മോഷ്‌ടാവായ മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ ഈന്തിവിള സ്വദേശി ബാഹുലേയൻ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ ഓടിച്ചു വന്ന സ്‌കൂട്ടർ മോഷ്‌ടിച്ചതാണെന്നും പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റിയിലും റൂറലിലും നിരവധി മോഷണ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ബാഹുലേയൻ പൊലീസ് നിരീക്ഷണത്തിലാണ്. ഡിസ്‌ചാർജ് ചെയ്‌ത ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് തുമ്പ പൊലീസ് അറിയിച്ചു. തലക്കും കൈക്കും പരിക്കേറ്റ ഹോംഗാർഡ് പാർത്ഥിപനും ആശുപത്രിയിൽ ചികിത്സയിലാണ്.