തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന ഗവര്‍ണര്‍, സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ പ്രസംഗം അതേപടി വായിക്കുമോ, തിരുത്തല്‍ വരുത്തുമോയെന്നതിലാണ് ആകാംക്ഷ. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയ പ്രതിപക്ഷ നിലപാടും നാളെ സഭയില്‍ നിര്‍ണായകമാകും.
പൗരത്വ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും രണ്ട് തട്ടില്‍ നില്‍ക്കുന്നതിനിടെ ചേരുന്ന ബജറ്റ് സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ഭാഗം നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും നീക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ സഭയില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ പ്രസംഗത്തിന് പുറത്ത് നിന്നും ഗവര്‍ണര്‍ക്ക് പരാമര്‍ശങ്ങള്‍ നടത്താമെന്നിരിക്കെ എന്താകും ഗവര്‍ണറുടെ സമീപനമെന്നതിലാണ് ആകാംക്ഷ.
അതേസമയം ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷത്ത് നിന്നും പ്രതിഷേധമുണ്ടാകില്ല. എന്നാല്‍ ഗവര്‍ണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരണ അനുമതി തേടിയിട്ടുണ്ട്. ഇത് കാര്യോപദേശക സമിതി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് സ്പീക്കര്‍. ഗവര്‍ണര്‍ തള്ളിയ തദ്ദേശവാര്‍ഡ് വിഭജന ഓര്‍ഡിനന്‍സും ബില്ലായി നിയമസഭയിലെത്തുന്നുണ്ട്. ഫെബ്രുവരി ഏഴിനാണ് ബജറ്റ് സമ്മേളനം.