തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി നിജപ്പെടുത്തിയ സർക്കാർ ഉത്തരവ് രണ്ടു ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കും. വില നിയന്ത്രണത്തിനൊപ്പം ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. ഗുണ നിലവാരം ഉറപ്പു വരുത്തുന്ന ബിഐഎസ് അംഗീകാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിലക്കാനാകു എന്നതാണ് ഉത്തരവ്. കുപ്പി വെള്ള നിർമാണ കമ്പനികളുടെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ വില 13 രൂപയാക്കി നിജപ്പെടുത്തിയത്.
അവശ്യ വസ്‌തുക്കളുടെ പട്ടികയിലുൾപ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. 2018ൽ കുപ്പിവെള്ളത്തിന് 13 രൂപ നിശ്ചയിച്ചെങ്കിലും വൻകിട കമ്പനികൾ വില കുറയ്ക്കാൻ തയ്യാറായിരുന്നില്ല. 15 രൂപയാക്കമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. വില കുറയ്ക്കുന്നതിനെതിരെ കമ്പനി ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. വിഷയം നിയമ യുദ്ധത്തിലേയ്ക്ക് നീങ്ങിയപ്പോഴാണ് അവശ്യ സാധന വില നിയന്ത്രണ പരിധിയിൽ പെടുത്തി സർക്കാർ വില 13 രൂപയായി നിജപ്പെടുത്തിയത്.