തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ് 'പ്രതീക്ഷ' വിഴിഞ്ഞത്ത് എത്തി. ആംബുലൻസ് വിഴിഞ്ഞത്ത് എത്തിയപ്പോൾ ജലഗതാഗത സംവിധാനങ്ങൾക്ക് പുത്തൻ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. കടലിൽ വെച്ച് അപകടത്തിൽ പെടുന്നവരെ അതിവേഗം രക്ഷിച്ച് പ്രാഥമിക ശുശ്രൂഷ അടക്കമുള്ള പരിചരണം നൽകുകയാണ് ആംബുലൻസിന്‍റെ ലക്ഷ്യം. ഫിഷറീസ് വകുപ്പിന് വേണ്ടി കൊച്ചിൻ ഷിപ്പിയാർഡിലാണ് ആംബുലൻസ് നിർമിച്ചത്. പ്രധാന മത്സ്യബന്ധന മേഖല എന്ന നിലക്കാണ് വിഴിഞ്ഞം കേന്ദ്രമാക്കി ആദ്യ ആംബുലൻസ് സജ്ജമാക്കിയത്.
കൊല്ലം തീരദേശ മേഖല വരെയുള്ള രക്ഷാപ്രവർത്തവനങ്ങളാണ് നടത്തുക. ഇൻലൻഡ് ഷിപ്പിങ് ആന്‍ഡ് നാവിഗേഷൻ കോർപ്പറേഷനാണ് ആംബുലൻസ് ഓടിക്കുന്നതിനുള്ള ചുമതല. ക്യാപ്റ്റനായ ദിലീപും, അഞ്ച് ക്രൂവും, രണ്ട് പാരാമെഡിക്കൽ ജീവനക്കാരും ആംബുലൻസിൽ ഉണ്ടാകും. ഒരേസമയം രണ്ട് ലൈഫ് ഗാർഡുമാരുടെ സേവനവും ഉറപ്പുവരുത്തും. മണിക്കൂറിൽ 14 നോട്ടിക്കൽ മൈലാണ് ആംബുലൻസിന്‍റെ വേഗത. ഇതിനായി സ്‌കാനിയയുടെ രണ്ട് എഞ്ചിനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗം ഉൾപ്പെടെ അഞ്ച് രോഗികളെ കിടത്താനുള്ള സൗകര്യമുണ്ട്.