തിരുവനന്തപുരം: വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തതിനുശേഷം സ്ളോട്ട് ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നിലവില്‍ വാക്‌സിനുയരുന്ന ഡിമാന്‍ഡ് അനുസരിച്ച് കുറച്ചധികം ദിവസങ്ങളിലേക്ക് മുന്‍കൂട്ടി സ്ളോട്ടുകള്‍ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ പരമാവധി വാക്‌സിന്‍ സ്റ്റോക്കില്‍ ഉണ്ടാവുകയും സ്ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളില്‍ അത് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുകയും വേണം.
നിലവില്‍ 3, 68,840 ഡോസ് വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്തിന്‍റെ കൈവശമുള്ളത്. വാക്‌സിന്‍ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഇതുസാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിന്‍ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. എന്തിനാണ് ഇത്രയധികം വാക്‌സിനുകള്‍ ഒരുമിച്ച് എന്നൊരു ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള കണക്കു വച്ച് ലഭ്യമായാല്‍ മതിയല്ലോ എന്നാണ് അവരുടെ ധാരണ.
നിലവില്‍ വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്‌സിന്‍ തൊട്ടുമുന്‍പുള്ള ദിവസമാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നത്. അതിനുശേഷം വെബ്സൈറ്റില്‍ കയറുന്ന ആളുകള്‍ക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്ളോട്ടുകള്‍ കാണാന്‍ സാധിക്കില്ല. വാക്സിന്‍ ദൗര്‍ലഭ്യം പരിഹരിച്ച് കുറച്ചധികം ദിവസങ്ങളിലേയ്ക്കുള്ള സ്ളോട്ടുകള്‍ ഷെഡ്യൂള്‍ ചെയ്തുവയ്ക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. ഇതിലൂടെ മാത്രമേ തിരക്ക് ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 51 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സുഗമമായി നടക്കുന്നുണ്ട്. ജില്ലയില്‍ മാസ് വാക്‌സിനേഷന്‍ നടക്കുന്ന ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.