തിരുവനന്തപുരം: സംസ്ഥാനത്തെ മൊത്തവരുമാനത്തിന്റെ പകുതിയിലേറെയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഗ്രാന്റായോ വായ്പയായോ ലഭിക്കുന്നതാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇവയെല്ലാം വെട്ടികുറച്ച് കേരളത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് വകയിരുത്തല്‍ പ്രകാരം 10233 കോടി രൂപയാണ് അവസാന പാദം വായ്പയായി ലഭിക്കേണ്ടത്. എന്നല്‍ 1900 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. വായ്പ കൂടാതെ ഗ്രാന്റും ഗണ്യമായി വെട്ടി കുറയ്ക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
ഡിസംബര്‍ മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം ഇത് വരെ ലഭിച്ചിട്ടില്ല. ഇതുകൂടാതെ കേന്ദ്ര നികുതി വിഹിതമായി കഴിഞ്ഞ വര്‍ഷം ലഭിച്ച 6866 കോടി രൂപ 4524 കോടിയായി കുറയുമെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. മൊത്തത്തില്‍ സംസ്ഥാനത്തിന് ഏറെ ചിലവുകള്‍ വരുന്ന അവസാന പാദത്തില്‍ 8330 കോടി രൂപയുടെ കുറവാണ് കേന്ദ്രത്തില്‍ നിന്ന് മാത്രം ലഭിക്കേണ്ട തുകയില്‍ വരുന്നത്. കേന്ദ്ര സ്‌കീമുകളില്‍ നിന്നുള്ള ധനസഹായവും കുടിശികയിലാണ്. ഇത് സംസ്ഥാന ഖജനാവിനെ ഒരു കാലവുമില്ലാത്ത ഞെരുക്കം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വായ്പ വെട്ടികുറച്ചതിന് കേന്ദ്രസര്‍ക്കാര്‍ കാരണമായി പറുയന്നത് ട്രഷറി ഡെപ്പോസിറ്റുകളിലെ ആറായിരത്തില്‍ പരം കോടിയുടെ വര്‍ദ്ധനവാണ്. ഇതില്‍ ഗണ്യമായ തുക വിവിധ വകുപ്പുകളുടെ ചിലവിടാത്ത പണമാണ്. ഇത്തരം ട്രഷറി ഡെപ്പോസിറ്റ് വായ്പയായി കരുതുന്ന നയം ഒരു സര്‍ക്കാരും സ്വീകരിക്കാറില്ല. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഈ കാരണം പറഞ്ഞ് വായ്പ വെട്ടികുറയ്ക്കുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
പരമാവധി ചിലവ് ചുരുക്കിയും വരുമാനം വര്‍ദ്ധിപ്പിച്ചും ഈ സാമ്പത്തിക പ്രതിസന്ധിയെ നേരിടും. കരാറുകാരുടേയും വിതരണക്കാരുടേയും ബില്ലുകള്‍ ബില്‍ ഡിസ്‌കൗണ്ട് സംവിധാനം വഴി വിതരണം ചെയ്യുന്നത് ജനുവരി മൂന്നാം മാസത്തിലേക്ക് മാറ്റും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകും. പണമില്ലാത്തത് ജനങ്ങളെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.