തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‌പശി ഉത്സവം മാറ്റിവെച്ചു. ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ പെരിയ നമ്പി, പഞ്ചഗവ്യത്ത് നമ്പി ഉൾപ്പെടെ പത്തോളം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഒക്ടോബർ 15ന് തീയതി നടത്താനിരുന്ന ഉത്സവം മാറ്റി വച്ചത്. നവരാത്രി കാലത്താണ് ക്ഷേത്രത്തിൽ അല്‌പശി ഉത്സവം നടക്കുക. ഉത്സവത്തിനുള്ള അടുത്ത തീയതി തന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനൊപ്പം സമീപത്തെ നാല് ക്ഷേത്രങ്ങളിലും ഉത്സവം നടക്കാറുണ്ട്. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, നടുവത്ത് മഹാവിഷ്ണു ക്ഷേത്രം, ചെറിയ ഉദേശ്വരം ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് ആണ് ഉത്സവം നടക്കാറുള്ളത്. ഈ ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളത്ത് എത്തിയാണ് ശംഖുമുഖത്ത് കൂടിയാറാട്ടും നടക്കാറുള്ളത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവം മാറിയ സാഹചര്യത്തിൽ ഈ നാല് ക്ഷേത്രങ്ങളിലെ ഉത്സവവും മാറ്റാനാണ് സാധ്യത. ഇത് സംബന്ധിച്ചുള്ള ആലോചനകൾ നടക്കുന്നുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് ഉത്സവങ്ങളാണ് പതിവുള്ളത്. മീന മാസത്തിൽ നടക്കാറുള്ള പൈങ്കുനി ഉത്സവം ലോക്ക് ഡൗൺ മൂലം തടസപ്പെട്ടിരുന്നു. ഈ ഉത്സവം കഴിഞ്ഞ മാസം ആഘോഷങ്ങളില്ലാതെ പത്‌മതീർഥത്തിൽ ആറാട്ടോടെ നടത്തിയിരുന്നു. അല്‌പശി ഉത്സവം മുറതെറ്റാതെ നടത്താനാണ് ആദ്യത്തെ ഉത്സവം ചടങ്ങുകളോടെ നടത്തിയത്. എന്നാൽ ഈ ഉത്സവവും മാറ്റേണ്ട അവസ്ഥയിലായി.
ക്ഷേത്രത്തിൽ നിശ്ചിത എണ്ണം ഭക്തർക്കാണ് ദർശനം അനുവദിച്ചിരുന്നത്. ഒറ്റക്കൽ മണ്ഡപത്തിന് താഴെ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ദർശനത്തിനെത്തിയവരിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. പെരിയ നമ്പിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പൂജ ചുമതല ഏറ്റെടുത്തു. ശ്രീകോവിലിനുള്ളിൽ പൂജ നടത്താനുള്ള അവകാശം പെരിയ നമ്പിക്കും തന്ത്രിക്കും മാത്രമാണുള്ളത്.