തിരുവനന്തപുരം : മോദി സ്‌തുതി നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇതു സംബന്ധിച്ച് കെ.പി.സി.സി നല്‍കിയ വിശദീകരണ നോട്ടീസിന് ശശി തരൂര്‍ മറുപടി നല്‍കി. മോദി ചെയ്ത നല്ല കാര്യങ്ങളെ താന്‍ അനുകൂലിക്കുക മാത്രമാണ് ചെയ്തത്. എങ്കിലേ മോദി വിമര്‍ശനങ്ങള്‍ ഫലപ്രദമാകുകയുള്ളൂ. തന്നെ മോദി സ്തുതി പാഠകനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകകയാണ്. ഒന്നാം മോദി സര്ക്കാരിന്റെ കാലത്ത് നരേന്ദ്ര മോദിയെ ഏറ്റവുമധികം വിമര്‍ശിച്ചത് താനാണെന്നും വിശദീകരണത്തില്‍ തരൂര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പത്തിലൊന്ന് വിമര്‍ശനം കേരളത്തിലെ നേതാക്കള്‍ നടത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും മനു അഭിഷേക് സിംഗ്‌വിയും പരസ്യമായാണ് മോദിയെ അനുകൂലിച്ചത്. എന്നാല്‍ താന്‍ ഇതുവരെ അത്തരം പരസ്യ വിമര്‍ശനം നടത്തിയിട്ടില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ വിശദീകരണ കത്തില്‍ തരൂര്‍ വ്യക്തമാക്കി.
അതിനിടെ തന്നോട് വിശദീകരണമാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അയച്ച ഇ- മെയില്‍ ചോര്‍ന്നതിനെതിരെയും തരൂര്‍ രംഗത്തു വന്നു. ഈ സംഭവം തന്നെ അത്ഭുതപ്പെടുത്തുന്നു. ഇതു ചോര്‍ത്തിയവര്‍ തന്നെ താന്‍ കെ.പി.സി.സി പ്രസിഡന്‍റിനു നല്‍കിയ വിശദീകരണവും ചോര്‍ത്തി നല്‍കണമെന്ന് ട്വിറ്ററില്‍ തരൂര്‍ പരിഹസിച്ചു. ശശി തരൂരിനെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവോ എ.ഐ.സി.സി വര്‍ക്കിംഗ് പ്രസിഡന്റോ ആയി നിയമിക്കണമെന്ന് ദേശീയതലത്തില്‍ ആവശ്യമുയരുമ്പോഴാണ് കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം തരൂരിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇതിനു തടയിടാനാണ് തരൂരിനെ മോദി സ്‌തുതി പാഠകനാക്കാന്‍ കേരള നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസം മറന്ന് രംഗത്തു വന്നതെന്നാണ് തരൂര്‍ അനുകൂലികളുടെ ആരോപണം.