തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തയും വീണ്ടും വെല്ലുവിളിച്ച് സ്വപ്‌ന സുരേഷിന്‍റെ ഫേസ് ബുക്ക് ലൈവ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ബാംഗ്ലൂര്‍ വിട്ടാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്‌ദാനമുണ്ടായെന്നും എന്നാല്‍, മുഖ്യമന്ത്രി മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ഇടപാടുകള്‍ മുഴുവന്‍ പുറത്തു കൊണ്ടു വരും വരെ പോരാടുമെന്നും ഇന്ന് ബാംഗ്ലൂരില്‍ നിന്ന് നടത്തിയ ഫേസ് ബു്ക് ലൈവില്‍ സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
വിജയന്‍പിള്ള വിളിച്ചത് ചാനല്‍ അഭിമുഖത്തിന്‍റെ പേരില്‍: മൂന്നു ദിവസം മുന്‍പ് വിജയന്‍പിള്ള എന്ന കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ ചാനല്‍ അഭിമുഖത്തിന് എന്ന പേരില്‍ വിളിച്ചു. അതിന്‍റെ ഭാഗമായി താന്‍ മക്കളെയും കൂട്ടി ബാംഗ്ലൂരിലെ ഒരു ഹോട്ടലിന്‍റെ ലോബിയിലെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ എത്തിയതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എല്ലാ തെളിവുകളും നേരിട്ടും ഡിജിറ്റലായുമുള്ളതെല്ലാം ഏല്‍പ്പിച്ച് ബാംഗ്ലൂര്‍ വിടണമെന്നുമാണ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമെന്നും അറിയിച്ചു.
അങ്ങനെ ചെയ്‌താല്‍ ജയ്‌പൂരിലോ ഹരിയാനയിലോ പോയി സുഖമായി ജീവിക്കാനുള്ള എല്ലാ സാഹചര്യവും മുഖ്യമന്ത്രി നല്‍കുമെന്നും അല്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് പറഞ്ഞതായും വിജയന്‍ പിള്ള അറിയിച്ചുവെന്ന് സ്വപ്‌ന അറിയിച്ചു. ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നെന്ന് പറഞ്ഞ് ബാംഗ്ലൂര്‍ വിടുക. അതിനു ശേഷം മലേഷ്യയിലേക്ക് മാറി പുതിയ ഒരു സ്വപ്‌നയായി ജീവിക്കാന്‍ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തു. ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും മുഖ്യമന്ത്രി നല്‍കുമെന്ന് എം.വി.ഗോവിന്ദന്‍ അറിയിച്ചതായും ദൂതന്‍ പറഞ്ഞു. അതേസമയം ആദ്യമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന രംഗത്തു വരുന്നത്.
യുസഫലിക്കെതിരെ ഒന്നും പറയരുത്: പ്രവാസി വ്യവസായി എം.എ യൂസഫലിക്ക് യു.എ.ഇയുമായി മികച്ച ബിസിനസ് ബന്ധമുള്ളതിനാല്‍ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചാല്‍ കുടുങ്ങാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ പറയരുത്. കാരണം വിദേശ യാത്രയ്ക്കിടെ തന്‍റെ ബാഗേജില്‍ മയക്കുമരുന്നു പോലുള്ള എന്തെങ്കിലും ഒളിപ്പിച്ചു വച്ച് തന്നെ വിമാനത്താവളത്തില്‍ വച്ച് കുടുക്കാന്‍ അദ്ദേഹത്തിനു കഴിയും.
അങ്ങനെ സംഭവിച്ചാല്‍ കുറഞ്ഞത് മൂന്നു നാലു മാസമെങ്കിലും ജയില്‍ വാസം അനുഭവിക്കേണ്ടിവരും. രാമലീല എന്ന സിനിമയില്‍ ദിലീപിനെ വേറൊരു നാട്ടില്‍ ഒളിപ്പിക്കുന്നതു പോലെ ഒളിപ്പിക്കാം. അവിടെ തികച്ചും പുതിയൊരാളായി തന്നെ മാറ്റാമെന്നും വിജയന്‍പിള്ള എന്ന ദൂതന്‍ വാഗ്ദാനം ചെയ്‌തതായി സ്വപ്‌ന ആരോപിച്ചു.
'എന്നാല്‍, എനിക്ക് ഒറ്റ പിതാവേ ഉള്ളൂവെന്നും മരണം ഉറപ്പായ സാഹചര്യത്തില്‍ അവസാന നിമിഷം വരെ പൊരുതുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. കേരളത്തിലെ ജനങ്ങളെ താന്‍ ഒരിക്കലും പറ്റിക്കില്ല. തനിക്ക് ആരുമായും ഒരു വ്യക്തി വൈരാഗ്യവുമില്ല. എന്നാല്‍ ഭീഷണി കൊണ്ടോ വാഗ്ദാനം കൊണ്ടോ തന്നെ പിന്‍മാറ്റാമെന്ന് ആരും കരുതരുത്'.. സ്വപ്‌ന പറഞ്ഞു.
ജീവന് ഭീഷണി: തനിക്ക് ഇത്തരത്തില്‍ ഭീഷണിയുള്ള കാര്യം തന്‍റെ അഭിഭാഷകനായ കൃഷ്‌ണരാജുമായി സംസാരിച്ചു. അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാരിനും കര്‍ണാടക ആഭ്യന്തര സെക്രട്ടറിക്കും കര്‍ണാടക ഡിജിപിക്കും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനും തന്‍റെ ജീവന് ഭീഷണിയുള്ള കാര്യം ഇ മെയിലിലൂടെ അറിയിച്ചിട്ടുണ്ടെന്നും സ്വപ്‌ന അറിയിച്ചു.
ജീവന് ഭീഷണിയുണ്ടെങ്കിലും ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ല. കേരളത്തിലെ ജനങ്ങളെ വിറ്റ് മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന മുഴുവന്‍ ഇടപാടുകളുടെയും വിശദാംശങ്ങള്‍ പുറത്തു കൊണ്ടു വരുന്നതുവരെ ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണെന്നുള്ളത് കേരളത്തിലെ ജനങ്ങള്‍ അറിയണം.
തനിക്ക് ഇഡി സമന്‍സ് അയച്ചിട്ടുണ്ടോ എന്ന് ദൂതന്‍ വിജയന്‍ പിള്ള സംഭാഷണത്തിനിടെ എന്നോടു ചോദിച്ചിരുന്നു. ഇല്ല എന്ന് താന്‍ മറുപടി നല്‍കി. എന്നാല്‍ തനിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഈ ദൂതന്‍ പറഞ്ഞു.
താന്‍ ഇത്തരത്തില്‍ ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്കു വന്നതായി ആരും അറിയരുതെന്നും ആരാണെന്ന് ചോദിച്ചാല്‍ തന്‍റെ അഭിഭാഷകനാണെന്നേ പറയാവൂ എന്നും വിജയന്‍പിള്ള പറഞ്ഞതായി സ്വപ്‌ന ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. എം,വി.ഗോവിന്ദന് വേണമെങ്കില്‍ തന്നെ കൊല്ലാം അല്ലെങ്കില്‍ ജയിലിലിടാം. പക്ഷേ ഒത്തു തീര്‍പ്പിനേയില്ല-സ്വപ്‌ന പറഞ്ഞു.
ഞാനില്ലെങ്കില്‍ എന്‍റെ അഭിഭാഷകനും കുടുംബാംഗങ്ങളും ചേര്‍ന്ന് പോരാട്ടം മുന്നോട്ടു കൊണ്ടു പോകും. ഈ പോരാട്ടത്തിന് വിജയം കണ്ടേ താന്‍ അടങ്ങൂവെന്നും സ്വപ്‌ന ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.