തിരുവനന്തപുരം: സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ വധഭീഷണി. ഗുണ്ടാ-മാഫിയ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മംഗലപുരം എഎസ്ഐ ജയനാണ് സ്‌ഷ്യെല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സാജിദിന് നേരെ ഭീഷണി മുഴക്കിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുന്‍ എഎസ്‌ഐ ജയനെ സസ്‌പെന്‍ഡ് ചെയ്‌തത്. ഇതില്‍ പ്രകോപിതനായ ജയന്‍ സാജിദിനെ നേരിട്ട് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു.
സംഭവത്തില്‍ സാജിത് കഴക്കൂട്ടം പൊലീസിന് പരാതി നല്‍കി. എഎസ്‌ഐ ജയന് പുറമെ എസ്എച്ച്ഒ എച്ച്.എല്‍ സജീഷ്, ഗ്രേഡ് എസ്ഐമാരായ ഗോപകുമാര്‍, അനൂപ് കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ സുധികുമാര്‍, കുമാര്‍ എന്നിവരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്‌തത്. കൂടാതെ ഗുണ്ട-മാഫിയ ബന്ധം ചൂണ്ടിക്കാട്ടി മംഗലപുരം സ്റ്റേഷനിലെ 31 പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ഗുണ്ട-മാഫിയ ബന്ധങ്ങള്‍ പുറത്ത് വന്നതോടെ പൊലീസിന്‍റെ മുഖം മിനുക്കല്‍ നടപടികളുടെ ഭാഗമായിട്ടാണ് മംഗലപുരത്തെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മംഗലപുരം സ്റ്റേഷനില്‍ 6 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും 24 പേരെ സ്ഥലം മാറ്റുകയുമായിരുന്നു. 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്റ്റേഷനുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിട്ടുള്ളത്.
പകരം മംഗലപുരം സ്റ്റേഷനിലേക്ക് 29 പൊലീസുകാരെ നിയമിച്ചു. മംഗലപുരം സ്റ്റേഷനോട് ചേര്‍ന്നുള്ള ആറ്റിങ്ങല്‍, കഠിനംകുളം, പോത്തന്‍കോടന്‍ സ്റ്റേഷനില്‍ നിന്നുള്ളവരെയാണ് ഇവിടേക്ക് മാറ്റിയിട്ടുള്ളത്. ചിറയിന്‍കീഴ് എസ്ഐയായിരുന്ന ഡി.ജെ സാലുവിനാണ് നിലവില്‍ സ്റ്റേഷന്‍റെ ചുമതല.
ആറ്റിങ്ങല്‍ ഡിവൈഎസ്‌പി നേരിട്ടെത്തിയായിരുന്നു പുതുതായി വന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്. പൊലീസ് ഗുണ്ട ബന്ധങ്ങളുടെ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെ സ്വകാര്യ ഡിജെ പാര്‍ട്ടികളുടെ സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ പൊലീസ് മാര്‍ഗ നിര്‍ദേശം ഇറക്കിയിട്ടുണ്ട്. ജില്ല റൂറല്‍ ഡിവൈഎസ്‌പി ഉള്‍പ്പെടെ ഗുണ്ട സംഘങ്ങളുടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി.
ലഹരി സംഘങ്ങള്‍ ഉള്‍പ്പെടെ ഡിജെ പാര്‍ട്ടി നടത്തുന്നതായി എക്‌സൈസിനും നേരത്തെ വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ട സംഘങ്ങളും ഭൂമാഫിയ തലവന്മാരും ഇതേ മാതൃകയില്‍ സ്വകാര്യ പാര്‍ട്ടികള്‍ നടത്തുന്നതായും വിവരം ലഭിച്ചിട്ടുള്ളത്. എന്നാല്‍ പലസ്ഥലങ്ങളിലും കൃത്യമായ രേഖകളോ സ്‌പോണ്‍സര്‍മാരുടെ വിവരങ്ങളോ സൂക്ഷിച്ചുവയ്ക്കാറില്ല. പരിശോധനക്ക് ഇത് തടസമായതോടെയാണ് പൊലീസ് പുതിയ മാര്‍ഗ നിര്‍ദേശം നല്‍കിയത്.