തിരുവനന്തപുരം: അന്വേഷണം മുന്നോട്ടു പോകുമെന്നും നിഷ്‌പക്ഷമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് അതിജീവിത. അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആശങ്ക കോടതിയെ അറിയിച്ചിരുന്നു. ഇതേ ആശങ്കകൾ മുഖ്യമന്ത്രിയേയും അറിയിച്ചതായും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി സെക്രട്ടേറിയറ്റിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതിജീവിത.
തനിക്കൊപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ പരിപൂർണ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. സർക്കാരിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയ ഇടപെടൽ മൂലമാണ് ഹർജി നൽകിയതെന്ന ആരോപണം അതിജീവിത തള്ളി. അതൊക്കെ വ്യാഖ്യാനങ്ങളാണെന്നായിരുന്നു മറുപടി.
മന്ത്രിമാരുടെ വിമർശനത്തിൽ പ്രതികരിക്കാനില്ലെന്നും അതിജീവിത പറഞ്ഞു. പ്രതിഭാഗം അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്ന ആശങ്ക നടി മുഖ്യമന്ത്രിയുമായി പങ്കുവച്ചതായി സൂചനയുണ്ട്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഡി.ജി.പിയേയും എ.ഡി.ജി.പിയേയും വിളിച്ചുവരുത്തി. സിനിമ പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിക്കൊപ്പമാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാനെത്തിയത്. പത്ത് മിനിട്ടിൽ താഴെ മാത്രമാണ് കൂടിക്കാഴ്‌ച നീണ്ടത്.