തിരുവനന്തപുരം: മൂന്ന് മാസത്തിന് ശേഷം ഇന്ന് (12/09/2021) സമ്പൂർണ ലോക്ക്ഡൗൺ ഇല്ലാത്ത ഞായർ. കടകമ്പോളവും പൊതുഗതാഗതവും കൊവിഡ് മാനദണ്ഡം അനുസരിച്ച് പ്രവർത്തിക്കും.
രോഗവ്യാപന നിരക്ക് കുറഞ്ഞെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഞായറാഴ്‌ച ലോക്ക്ഡൗൺ ഒഴിവാക്കാനുള്ള തീരുമാനം. ഇതോടെ ജൂൺ 12ന് ആരംഭിച്ച വാരാന്ത്യ അടച്ചിടലിനാണ് മൂന്ന് മാസത്തിനു ശേഷം അവസാനമായത്.
ഞായർ ലോക്ക്ഡൗണും രാത്രി കർഫ്യുവും ഒഴിവാക്കാൻ വിദഗ്‌ദ സമിതിയും ശുപാർശ ചെയ്തിരുന്നു. ഓണത്തിനു മുൻപേ ശനിയാഴ്‌ച ലോക്ക്ഡൗൺ ഒഴിവാക്കിയിരുന്നു.
എന്നാൽ ഡബ്ലുഐപിആർ 8ന് മുകളിലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം തുടരും. ഇക്കാര്യത്തിൽ മാറ്റം വേണോ എന്നത് ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും ബാറുകളില്‍ മദ്യം വിളമ്പുന്ന കാര്യത്തിലും ഇളവ് നല്‍കണോ എന്നതും അവലോകന യോഗം ചര്‍ച്ച ചെയ്യും.
രോഗപ്രതിരോധ ശേഷി കണ്ടെത്തുന്നതിനുള്ള സീറോ പ്രിവൈലന്‍സ് സ്റ്റഡി റിപ്പോര്‍ട്ട് ഈ ആഴ്ച സര്‍ക്കാറിന് ലഭിക്കുമെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാകും കൂടുതല്‍ ഇളവുകള്‍ നൽകുന്നതിൽ തീരുമാനമെടുക്കുക.
അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ സ്‌കൂളുകളും തുറക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഇതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു.
AlsoRead:മുട്ടില്‍ മരംമുറിയ്ക്ക് സമാനമായ കേസുകൾ മുൻ വനം മന്ത്രിയുടെ മണ്ഡലത്തിലും