സംസ്ഥാനത്ത് വേനൽ രൂക്ഷമായ സാഹചര്യത്തിൽ ഈ മാസം സൂര്യാഘാതമേറ്റത് 118 പേർക്ക്. മാർച്ച് 23 വരെയുള്ള കണക്കാണിത്. ഈ ആഴ്ച 55 പേർ സൂര്യാഘാതമേറ്റ് ചികിത്സ തേടിയിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ പേർക്ക് സൂര്യാഘാതമേറ്റത്. സംസ്ഥാനത്തെ ചൂട് ഉയർന്ന നിലയിൽ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂര്യാഘാത മുന്നറിയിപ്പ് 26 വരെ നീട്ടി.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 25, 26 തിയതികളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ് സാധ്യത.
സൂര്യാഘാതം ഒഴിവാക്കുന്നതിനായി തൊഴിൽ സമയം പുനക്രമീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിവെള്ള ലഭ്യത ഉറപ്പാക്കുക, അംഗൻവാടികളുടെ പ്രവർത്തനസമയം ക്രമീകരിക്കുക, പൊതുജനങ്ങൾ പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യതാപം ഏൽക്കാതിരിക്കുക എന്നീ നിർദ്ദേശങ്ങളുമുണ്ട്.