തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച തെരുവുനായ വാക്‌സിനേഷന്‍ യജ്ഞം എങ്ങുമെത്താതെ അവസാനിച്ചു. സെപ്‌റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്‌സിനേഷന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പ്രഖ്യാപിച്ച് കാലാവധി അവസാനിച്ചപ്പോള്‍ വാക്‌സിനേഷന്‍ യജ്ഞത്തില്‍ എന്താണോ പ്രഖ്യാപിച്ചത് അതിന്‍റെ 10 ശതമാനം പോലും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.
തെരുവുനായ്ക്കള്‍ ഇപ്പോഴും ഭീഷണി: ആകെയുള്ള നേട്ടം വളര്‍ത്തുനായ്ക്കള്‍ക്ക് കൂടുതലായി വാക്‌സിന്‍ നല്‍കാനായെന്നത് മാത്രമാണ്. എന്നാല്‍, നാട്ടുകാരെ തലങ്ങും വിലങ്ങും കടിച്ചുകൊണ്ടിരിക്കുന്ന തെരുവുനായ്ക്കള്‍ ഇപ്പോഴും ഭീഷണിയായി വിലസുന്നുണ്ട്. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് സര്‍ക്കാറിന്‍റെ പക്കലുള്ള കണക്ക്. ഇത് 2019ലെ കണക്കാണ്. ഇതില്‍ 50 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍, പ്രഖ്യാപിച്ച തീയതിക്ക് രണ്ട് ദിവസം മുന്‍പ് വരെയുളള കണക്ക് പരിശോധിച്ചാല്‍ മന്ത്രിമാരുടെ വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനങ്ങളെല്ലാം വെറും വാക്കായി മാറിയിരിക്കുകയാണ്. 6,218 തെരുവുനായ്‌ക്കള്‍ക്ക് മാത്രമാണ് ഒക്ടോബര്‍ 18 വരെയുളള കണക്കനുസരിച്ച് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ഒരൊറ്റ തെരുവുനായ്‌ക്ക് മാത്രം വാക്‌സിന്‍ നല്‍കിയ ജില്ല വരെയുണ്ട് കണക്കില്‍. ലഭ്യമായ കണക്കിനു ശേഷമുള്ള രണ്ട് ദിവസം കൊണ്ട് ഒരു അത്‌ഭുതവും സംഭവിക്കില്ലെന്ന് ഉറപ്പാണ്.
വാക്‌സിനേഷന്‍ നല്‍കിയത് തെരുവുനായ്‌ക്കള്‍ക്ക് മാത്രം: വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വാക്‌സിനേഷന്‍. ഇവിടെ ഒരു തെരുവുനായയ്ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം 2016, കൊല്ലം 439, പത്തനംതിട്ട 155, ആലപ്പുഴ 1299, കോട്ടയം 818, ഇടുക്കി 20, എറണാകുളം 86, തൃശൂര്‍ 724, പാലക്കാട് 627, മലപ്പുറം 115, കോഴിക്കോട് 46, വയനാട് ഒന്ന്, കണ്ണൂര്‍ 130, കാസര്‍കോട് 31 എന്നിങ്ങനെയാണ് തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ കണക്ക്.
വളര്‍ത്തുനായ്ക്കള്‍ക്കുളള വാക്‌സിനേഷന്‍ മാത്രമാണ് ഈ കാലയളവില്‍ കാര്യമായി നടന്നത്. 287,457 വളര്‍ത്തു നായ്ക്കള്‍ക്ക് ഈ കാലയളവില്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. നാട്ടുകാരെ ഓടിനടന്ന് കടിക്കുന്ന തെരുവുനായ്ക്കള്‍ ഇപ്പോഴും അപകടകാരികളായി നിരത്തില്‍ തന്നെയുണ്ടെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
പ്രഖ്യാപനം മാത്രമായി തീവ്ര വാക്‌സിനേഷന്‍ യജ്ഞവും: നായ്‌ക്കളെ പിടികൂടുന്നവരെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് വാക്‌സിനേഷന്‍ യജ്ഞം പരാജയപ്പെടാന്‍ കാരണമെന്നാണ് ഔദ്യോഗികമായ വിശദീകരണം. ഇപ്പോള്‍ ഒരു തദ്ദേശ സ്ഥാപനങ്ങളിലും പട്ടിപിടിത്തക്കാരില്ല. അതുകൊണ്ട് തന്നെ ഇവരെ കണ്ടെത്തി പരിശീലനം നല്‍കി രംഗത്തിറക്കേണ്ടി വന്നു. ഇതുകൂടാതെ ജോലിക്ക് നിയോഗിക്കുന്നതിന് മുന്‍പ് ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതുണ്ട്.
ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസത്തിന് ശേഷം മാത്രമേ പ്രതിരോധ ശേഷി വരികയുള്ളൂ. പദ്ധതി തുടങ്ങുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇക്കാര്യങ്ങളൊന്നും പരിശോധിക്കുകയോ വ്യക്തത വരുത്തുകയോ ചെയ്‌തില്ല. നായ്ക്കളുടെ ആക്രമണം രൂക്ഷമായപ്പോള്‍ ജനങ്ങളെ പറ്റിക്കാനുള്ള ഒരു പ്രഖ്യാപനം മാത്രമായി തീവ്ര വാക്‌സിനേഷന്‍ യജ്ഞവും മാറി.