തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപക ശുചീകരണം. സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കാനുള്ള സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് പരിപാടി നടന്നത്. കൊവിഡ് രോഗബാധ തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക പ്രാധാന്യത്തോടെയാണ് ഇത്തവണ മഴക്കാലപൂർവ ശുചീകരണം നടത്തുന്നത്.
കൊവിഡിന് പിന്നാലെ സാംക്രമിക രോഗങ്ങൾ കൂടി നേരിടാനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ പടർന്ന് പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സർക്കാർ ശുചീകരണ യജ്ഞം പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളും വീടുകളുടെ പരിസരവും ശുചീകരിച്ചതായി ഉറപ്പാക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യാപക ബോധവൽക്കരണവും നടത്തുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ശുചീകരണ പരിപാടികൾക്ക് മേയർ കെ ശ്രീകുമാർ നേതൃത്വം നൽകി. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക, കൊതുക് പെരുകുന്നത് തടയാൻ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം.