തിരുവനന്തപുരം: പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നുള്ള പരമ്പരാഗത നവരാത്രി ഘോഷയാത്ര വേണ്ടെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. സര്‍ക്കാര്‍ ആചാരം ലംഘിച്ചെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ പരസ്യമായ എതിര്‍പ്പുയര്‍ത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ പിന്‍മാറ്റം. അതേസമയം നവരാത്രി ഘോഷയാത്രയുടെ പേരില്‍ ചിലര്‍ കുളംകലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. അങ്ങനെ കുളംകലക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് ആചാരം വേണ്ടെന്ന് വച്ചപ്പോഴും പൈങ്കുനി ഉത്സവം മാറ്റി വച്ചപ്പോഴും ഈ സംഘടനകള്‍ പ്രതിഷേധം ഉര്‍ത്തിയില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ദേവസ്വം മന്ത്രി തന്ത്രിയാകാന്‍ ശ്രമിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് തന്ത്രിയാണെന്ന് സ്വയം ധരിക്കേണ്ടതില്ലെന്നും കടകംപള്ളി ആരോപിച്ചു.
ആനയും വലിയ പല്ലക്കും ഒഴിവാക്കി പകരം വിഗ്രഹങ്ങള്‍ കാല്‍നടയായി തന്നെ കൊണ്ടുവരാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സരസ്വതി ദേവി, മുന്നൂറ്റി നങ്ക, കുമാരസ്വാമി എന്നിവരുടെ വിഗ്രഹങ്ങള്‍ മൂന്ന് ചെറിയ പല്ലക്കുകളിലായി നാല് പേര്‍ വീതം ചുമക്കും. ഒക്‌ടോബര്‍ 14 ന് ആരംഭിക്കുന്ന ഘോഷയാത്ര ആദ്യ ദിനം കുഴിത്തുറയില്‍ സമാപിക്കും. 15ന് കുഴിത്തുറയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയ്ക്ക് സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ച ശേഷം നെയ്യാറ്റിന്‍കര ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രത്തില്‍ വിശ്രമിക്കും. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതിന് നാല് ഉദ്യോഗസ്ഥര്‍ മാത്രമാകും പങ്കെടുക്കുക. 16 ന് നെയ്യാറ്റിന്‍കരയില്‍ നിന്ന് ആരംഭിച്ച് കരമനയിലെത്തും. അതേസമയം ഘോഷയാത്രയ്ക്ക് ആള്‍ക്കൂട്ടവും സ്വീകരണവും ഒഴിവാക്കിയിട്ടുണ്ട്. ശാന്തിക്കാരും പല്ലക്കെടുക്കുന്നവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കണം. പരമാവധി തിരക്കുകുറഞ്ഞ സമയത്തായിരിക്കും ഘോഷയാത്രയെന്ന് മന്ത്രി പറഞ്ഞു.