തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും നിര്‍വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി. കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും.
ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ 72 വയസുകാരനായ ഇട്ടിയവിര എന്ന കഥാപാത്രമാണ് ബിജു മോനോനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം നായാട്ട്, മധുരം എന്നീ സിനിമകളാണ് ജോജു ജോര്‍ജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച നടി രേവതിയും മികച്ച സംവിധായകന്‍ ദിലീഷ് പോത്തനുമാണ്. മികച്ച ചിത്രത്തിന്‍റെ സംവിധായകന്‍ കൃഷ്ണാന്ദ്, ജനപ്രീതി നേടിയ ചിത്രത്തിന്‍റെ സംവിധാകന്‍ വിനീത് ശ്രീനിവാസന്‍ തുടങ്ങി 50 പേര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
മെയ് 27നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 3ന് പുരസ്‌കാര വിതരണം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.