തിരുവനന്തപുരം : സ്‌കൂളുകളും കോളജുകളും തുറക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാനം. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
നിർദേശങ്ങൾ
- എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാരും അതത് പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂൾ മാനേജ്മെൻ്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യണം.
- കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂൾ വാഹനങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ സഹായവും തേടാം.
- സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 20ന് മുമ്പ് പൂർത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യ വാഹനങ്ങൾ ആയാലും സ്‌കൂൾ വാഹനങ്ങൾ ആയാലും ഓടിക്കുന്നവർക്ക് പത്ത് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകണം.
- എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂൾ സേഫ്റ്റി ഓഫിസർ ആയി നിയോഗിക്കണം.
- ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ സ്‌കൂളിലെത്തി പരിശോധിക്കണം.
- അടച്ചിട്ട മുറികളിലും ഹാളുകളിലും ഉള്ള യോഗങ്ങൾ ഒഴിവാക്കണം.
- അധ്യാപക-രക്ഷാകർതൃ സമിതിക്കൊപ്പം തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ വകുപ്പുകളെയും ആരോഗ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്‌മതല ആസൂത്രണം സ്‌കൂൾ തുറക്കുന്നതിന് മുൻപേ നടത്തണം.
- കുറച്ച് കുട്ടികൾക്കെങ്കിലും കൊവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാതെ, അത് മുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണം. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവരും വാക്‌സിനേഷൻ നടത്തുകയും അവർ മറ്റുള്ളവരുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണം.
- സ്‌കൂൾ പിടിഎകൾ അതിവേഗം സംഘടിപ്പിക്കണം.
- സ്‌കൂളിൽ ഡോക്‌ടറുടെ സേവനം ഉറപ്പാക്കണം. നിശ്ചിത ദിവസം ഡോക്‌ടർ സ്‌കൂൾ സന്ദർശിച്ച് കുട്ടികളുടെ ആരോഗ്യനില പരിശോധിക്കണം.