തിരുവനന്തപുരം: പി.ആർ.ഡിയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.സിനെ മാറ്റി. വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള പി ആർ ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിൽ നിന്നാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. പകരം ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ബി.എസ്. ബിജു ഭാസ്കറിനെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. നോമിനേറ്റഡ് മെമ്പറായാണ് ബിജുഭാസ്കറിൻ്റെ നിയമനം.
ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാർത്തകൾ സംബന്ധിച്ച് പരിശോധിക്കാനുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇത്തരത്തിൽ ഒരാളെ വ്യാജവാർത്തകൾ സംബന്ധിച്ച സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സർക്കാർ തീരുമാനം.