തിരുവനന്തപുരം: ശ്രീകാര്യം മേല്‍പാല നിർമാണത്തിനുള്ള നടപടികള്‍ ആരംഭിച്ചതോടെ വ്യാപാരികളും ഭൂ ഉടമകളും ആശങ്കയില്‍. പദ്ധതിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം പദ്ധതി സംബന്ധിച്ച പൂര്‍ണ വിവരം അധികൃതര്‍ പുറത്ത് വിടണമെന്ന് വ്യാപാരികള്‍ പറഞ്ഞു. പ്രദേശത്ത് വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ പുനരധിവാസത്തെ കുറിച്ചോ ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ വിലയെ സംബന്ധിച്ചോ വ്യക്തയില്ല. പദ്ധതിയുടെ അലയ്‌മെന്‍റ് കാര്യത്തിലും തര്‍ക്കമുണ്ട്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ട പരിഹാര തുകയെ കുറിച്ചും ധാരണയാകാത്തതും പ്രദേശവാസികളില്‍ ആശങ്കയുണ്ട്.
ഇവിടെ സ്ഥിതി ചെയ്യുന്ന വ്യാപാര കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴുപ്പിച്ചാകും നിര്‍മാണം നടക്കുക. വ്യാപാരികളുടെയും ഭൂ ഉടമകളുടെയും ആശങ്ക പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്‍റ് അഡ്വ.ആർ. എസ്. രാജീവ് പറഞ്ഞു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ ന്യായമായി പരിഹരിക്കണമെന്ന് സിപിഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലിൻ ഡിക്രൂസ് പറഞ്ഞു. 135.37 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കല്ലംപള്ളിയിൽ നിന്നാരംഭിച്ച് ചാവടിമുക്ക് വരെയുള്ള 535 മീറ്റർ നീളത്തിൽ
7.5 മീറ്റർ വീതിയിൽ മേൽപാലവും 5.5 മീറ്റർ വീതിയിൽ ഇരുവശത്തും സർവീസ് റോഡും ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിനായി 134 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. സ്ഥലമേറ്റെടുപ്പിന് ആദ്യ ഗഡുവായി 35 കോടി രൂപ കിഫ്ബി കേരള റാപിഡ് ട്രാൻസിസ്റ്റ് കോർപ്പറേഷന് കൈമാറി.