തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാർ ഒപ്പിട്ടത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി. കരാറിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൈയെടുത്തെന്നാണ് സമിതി റിപ്പോർട്ട്. മതിയായ ചർച്ചയോ നിയമോപദേശമോ ഇല്ലാതെയാണ് കരാർ ഒപ്പിട്ടത്. സ്വന്തം ബോധ്യത്തിലാണ് കരാർ ഒപ്പിട്ടതെന്ന ശിവശങ്കറിൻ്റെ വാദവും സമിതി തള്ളി. റിപ്പോർട്ട് സമിതി ചീഫ് സെക്രട്ടറിക്ക് കൈമാറി.
കരാർ ഒപ്പിടും മുൻപ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാത്തത് നടപടിക്രമത്തിലെ വീഴ്‌ചയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയില്ലെന്നും ഡേറ്റ ചോർച്ച കണ്ടെത്തുന്നതിനുള്ള കൃത്യമായ സംവിധാധം സർക്കാരിനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ കേന്ദ്രസെക്രട്ടറി മാധവൻ നമ്പ്യാർ, ഐടി വിദഗ്‌ധൻ ഗുൽഷൻ റോയ് എന്നിവരടങ്ങിയ രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ടാണ് സർക്കാരിനു സമർപ്പിച്ചത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയതാണ് 23 പേജുള്ള റിപ്പോർട്ട്.
സി-ഡിറ്റിനെയും ഐടി വകുപ്പിനെയും സാങ്കേതികമായി ശക്തമാക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യ ശക്തമാക്കുക, സൈബർ സെക്യൂരിറ്റി ഓഡിറ്റിങ് കാലാനുസൃതമായി നടത്തുക, പിഴവുകൾ ആവർത്തിക്കാതിരിക്കാൻ സാങ്കേതിക വിദഗ്‌ദരുടെ സേവനം ഉപയോഗപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.