തിരുവനന്തപുരം : ബുധനാഴ്‌ച ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി സഭാനടപടികൾ പൂർത്തിയാക്കി എട്ടുമിനിട്ടുകൊണ്ട് അവസാനിപ്പിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സ്‌പീക്കർ എം.ബി രാജേഷ്. ഇത് നിയമസഭയിൽ ആദ്യത്തെ സംഭവമല്ലെന്നും ഇപ്പോഴത്തെ പ്രതിപക്ഷം അധികാരത്തിൽ ഇരിക്കുമ്പോള്‍ നടന്നിട്ടുണ്ടെന്നുമായിരുന്നു സ്‌പീക്കറുടെ വിശദീകരണം. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സഭാനടപടികൾ 8 മിനിട്ടിൽ അവസാനിപ്പിച്ചത്.
13-ാം കേരള നിയമസഭയിൽ 2013 ജൂൺ 18ന് സഭയിൽ ഉണ്ടായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ അഞ്ചുമിനിട്ട് കൊണ്ടാണ് ധനാഭ്യർഥനകൾ അനുവദിച്ച് സഭ പിരിഞ്ഞത്. തൊട്ടടുത്ത ദിവസം അന്നത്തെ സ്‌പീക്കർ ഇതിനുനൽകിയ വിശദീകരണം സ്‌പീക്കർ എം.ബി രാജേഷ് സഭയിൽ വായിച്ചു. ചോദ്യോത്തരവേള ഒരുതരത്തിലും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് ഗവൺമെൻ്റ് ബിസിനസുകൾ പൂർത്തീകരിക്കാനുള്ള ഉത്തരവാദിത്തം നിയമസഭാചട്ടം 314 അനുസരിച്ച് സ്‌പീക്കർക്കുണ്ട്. 11-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലും ഇത്തരത്തിൽ 33 ധനാഭ്യർഥനകൾ പാസാക്കിയിട്ടുണ്ടെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.
Also Read: സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
സംഭവം നിയമസഭയുടെ ചരിത്രത്തിൽ ആദ്യത്തേതാണ് എന്ന മട്ടിൽ മാധ്യമങ്ങൾ വാർത്ത നൽകിയതിനെ സ്‌പീക്കർ വിമർശിച്ചു. മാധ്യമങ്ങൾ ചട്ടങ്ങളും കീഴ്വഴക്കങ്ങളും മുൻകാല സംഭവങ്ങളും മറക്കരുതെന്ന് സ്‌പീക്കർ പറഞ്ഞു. ഇരുവിഭാഗത്തിന്‍റെയും ബഹളത്തിൽ ഇന്നലെ ചോദ്യോത്തരവേള മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.
Also Read: നിയമസഭ നേരത്തെ പിരിഞ്ഞതില്‍ പ്രതിഷേധം; സ്‌പീക്കറെ നേരില്‍ കണ്ട് പ്രതിപക്ഷം
എട്ട് പ്രതിപക്ഷ അംഗങ്ങളെ ചോദ്യം ചോദിക്കാൻ ക്ഷണിച്ചെങ്കിലും അവർ സംസാരിച്ചില്ലെന്നും സ്‌പീക്കർ പറഞ്ഞു. അതേസമയം, മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ പ്രതിപക്ഷം സീറ്റിലുണ്ടായിരുന്നില്ലെന്നും ഇന്നലെ പ്രതിപക്ഷ അംഗങ്ങൾ മുഴുവൻ സീറ്റിലിരുന്ന ശേഷമാണ് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്‌പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി.