തിരുവനന്തപുരം: നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസില്‍ മൂന്ന് വനിതായാത്രക്കാരെ അജ്ഞാതസംഘം മയക്കി കിടത്തി കൊള്ളയടിച്ചു. തിരുവല്ല സ്വദേശികളായ വിജയകുമാരിയെയും മകള്‍ അഞ്ജലിയെയും കോയമ്പത്തൂര്‍ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയെയും ബോധംകെടുത്തി പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നതായാണ് പരാതി.
ചെങ്ങന്നൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകള്‍ അഞ്ജലിയും. ഗൗസല്യ കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്കും. ഞായര്‍ പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്.
തുടര്‍ന്ന്, സി.ആര്‍.പി.എഫ് ഇരുവരെയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിജയകുമാരിയുടെയും മകളുടെയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. കോയമ്പത്തൂര്‍ സ്വദേശി ഗൗസല്യയെ മറ്റൊരു ബോഗിയിലാണ് കണ്ടെത്തിയത്.
കവര്‍ച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ഭക്ഷണം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവര്‍ അബോധാവസ്ഥയിലായതെന്നാണ് പൊലീസിന്‍റെ നിഗമനം.
ALSO READ: ആലപ്പുഴയില്‍ ഏഴംഗ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചു