എറണാകുളം: ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം. കേസിൽ എം ശിവശങ്കർ നാലാം പ്രതിയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ശിവശങ്കറിന് ഇന്ന് തന്നെ ജയിൽ മോചിതനാകാൻ കഴിയും. 98 ദിവസത്തിന് ശേഷമാണ് ശിവശങ്കർ പുറത്തിറങ്ങുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് വിചാരണ കോടതി ജാമ്യം നൽകിയത്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ എതിർ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ എതിർത്ത് ശക്തമായ വാദങ്ങൾ ഉന്നയിക്കാൻ കസ്റ്റംസിനായില്ല. ഡോളർക്കടത്ത് കേസിൽ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഇല്ലെന്ന് കോടതി തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഡോളർ കടത്ത് കേസിൽ മറ്റു പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്‌തതിൽ നിന്ന് തന്നെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടില്ലന്ന ശിവശങ്കറിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, നേരത്തെ സ്വർണക്കടത്ത് കേസിൽ അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ശിവശങ്കറിന് എസിജെഎം കോടതിയിൽ നിന്നു തന്നെ ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്‌ത കേസിൽ ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് കേസിലും ജാമ്യം ലഭിച്ചതോടെയാണ് ശിവശങ്കർ ജയിൽ മോചിതനാകുന്നത്.