തിരുവനന്തപുരം : കനകക്കുന്ന് കൊട്ടാരത്തിനും മ്യൂസിയത്തിനും സമീപം നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ക്യാപ്റ്റൻ ലക്ഷ്മി പാർക്കിൽ കുട്ടികൾക്കായി സ്കേറ്റിങ് ഏരിയ ഒരുങ്ങുന്നു. നഗരത്തിൽ ഇത്തരമൊരു സംവിധാനം ഇതാദ്യമാണ്. സായാഹ്ന വേളകളിൽ കുട്ടികൾക്ക് ആർത്തുല്ലസിക്കാൻ വ്യത്യസ്ത സംവിധാനങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. 1.92 കോടി ചെലവിൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം.
'പ്രവൃത്തികള്‍ 80 ശതമാനം പൂർത്തിയായി. ലാൻഡ്സ്കേപ്പിങ്, സ്കേറ്റിങ് ഏരിയ, ഫുഡ് കിയോസ്ക്, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്' - സൈറ്റ് എൻജിനീയർ ജി.നൈനേഷ് പറഞ്ഞു.
ഭക്ഷണശാല, വാട്ടർ കിയോസ്ക്, ടോയ്‌ലറ്റ് സൗകര്യം, വാട്ടർ ഫൗണ്ടൻ, ഓപ്പൺ ജിം, കയർ പാലം തുടങ്ങിയവയും ക്യാപ്റ്റൻ ലക്ഷ്മി പാർക്കിൽ ഒരുക്കുന്നുണ്ട്. ഇതോടൊപ്പം പാർക്കിന് ഒരു വശത്ത് മുതിർന്നവർക്ക് ഇരിക്കാൻ ബഞ്ചുകളും സ്ഥാപിക്കുന്നുണ്ട്. പാർക്കിന് ചുറ്റും നിരവധി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ALSO READ: പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം ; മാർച്ച് 7 മുതൽ പ്രത്യേക മിഷൻ
കനകക്കുന്നിൽ ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പാർക്ക് കൃത്യമായി പരിപാലിക്കാതെ നശിച്ചുപോയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടുകൊണ്ട് വളരെ മികവുറ്റ രീതിയിലാണ് പാർക്ക് നവീകരിക്കുന്നത്. സുഭാഷ് ചന്ദ്രബോസിൻ്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞവർഷമാണ് കനകക്കുന്നിലെ പാർക്കിന് സ്വാതന്ത്ര്യ സമര സേനാനിയും വനിത റെജിമെൻറ് ക്യാപ്റ്റനും ആയിരുന്ന ക്യാപ്‌റ്റന്‍ ലക്ഷ്മിയുടെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചത്.
അസ്തമയ സൂര്യൻ്റെ നിറശോഭയിൽ കുട്ടികൾക്ക് സായാഹ്ന വേളകൾ ആനന്ദകരമാക്കാൻ നഗരത്തിൽ ഒരു പുതു ഇടം കൂടി ഒരുങ്ങുകയാണ്. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പാർക്ക് എത്രയും വേഗം കുട്ടികൾക്ക് തുറന്നുനൽകാനാകും എന്നാണ് അധികൃതരും പ്രതീക്ഷിക്കുന്നത്.