തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കും. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നവര്‍ക്കൊപ്പം ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇത് സാമൂഹവ്യാപനമെന്ന ആശങ്കയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊവിഡ് സൂപ്പര്‍ സ്‌പ്രഡ് റിപ്പോര്‍ട്ട് ചെയ്‌ത പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരം നഗരത്തിന്‍റെ അകത്തും പുറത്തുമായി മത്സ്യവില്‍പന നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലരുടേയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക അസാധ്യമാണ്. ഒരു രോഗിക്ക് അഞ്ഞൂറോളം പേരുടെ സമ്പര്‍ക്കപട്ടിക വരെ പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുണ്ട്.
വരുന്ന രണ്ടാഴ്‌ച തിരുവനന്തപുരത്തിന് ഏറെ നിര്‍ണായകമാണ്. മത്സ്യക്കച്ചവടക്കാരില്‍ നിന്നും രോഗം പകര്‍ന്നിട്ടുണ്ടെങ്കില്‍ അത് തിരുവനന്തപുരത്തെ സാമൂഹവ്യാപനത്തിലേക്ക് എത്തിക്കും. പ്രത്യേക ക്ലസ്റ്ററാക്കി, അതീവ സുരക്ഷയിലുള്ള പൂന്തുറയില്‍ പരിശോധന വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. നിലവില്‍ പ്രതിദിനം അഞ്ഞൂറോളം പരിശോധനകളാണ് പൂന്തുറയില്‍ നടക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച പലരുടേയും ഉറവിടമറിയില്ല. തിരുവനന്തപുരത്ത് നിരവധി പേര്‍ ചികിത്സക്കെത്തുന്ന പ്രധാന സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കും പൊലീസിനും രോഗം ബാധിച്ചിരുന്നു. ഇതെല്ലാം ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.