തിരുവനന്തപുരം: ഷുഹൈബ് വധവും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തരപ്രമേയ നോട്ടിസായാണ് വിഷയം പ്രതിപക്ഷം ഉയര്‍ത്തിയത്. രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നോട്ടിസിന് മറുപടി നല്‍കവേ നിയമസഭയില്‍ വ്യക്തമാക്കി.
ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അവരുയര്‍ത്തുന്ന വെല്ലുവിളികളും കുറച്ചുകാണുന്നില്ല. പൊതുജീവിതത്തിന്‍റെ സ്വസ്ഥതയ്‌ക്ക് മേല്‍ ഭീതി പടര്‍ത്തി വിഹരിക്കുന്ന അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് സര്‍ക്കാരിന്‍റെ നിലപാട്. അതിനാവശ്യമായ എല്ലാ നിയമ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
ഷുഹൈബ് കൊല കേസില്‍ പൊലീസ് നിഷ്‌പക്ഷവും സ്വതന്ത്രവും നീതിയുക്തവുമായാണ് അന്വേഷണം നടത്തിയത്. ഒരു ലക്ഷത്തില്‍ അധികം ഫോണ്‍ കോളുകള്‍ പരിശോധിച്ച് തെളിവ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധമുള്ളവരെ പിടികൂടിയത്.
കേസിലാകെ 17 പ്രതികളാണുള്ളത്. പ്രാരംഭഘട്ടത്തില്‍ കേസന്വേഷണത്തിന്‍റെ ചുമതല സിബിഐക്ക് കൈമാറണമെന്ന് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് അവര്‍ക്കനുകൂലമായാണ് ഉത്തരവിറക്കിയത്.
ആത്മാര്‍ഥവും, സ്വതന്ത്രവും, നിഷ്‌പക്ഷവുമായാണ് കേരള പൊലീസ് കേസില്‍ അന്വേഷണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്‌തത്. തുടര്‍ന്ന് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കേണ്ടി വരുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലെ പോരായ്‌മ സംബന്ധിച്ച് പരാതിയുമായി അന്വേഷണം നടന്ന സമയത്തോ, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴോ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നില്ല. ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ ഒന്നരവര്‍ഷത്തോളം കാലം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു. കര്‍ശന വ്യവസ്ഥകളോടെ 2019ലായിരുന്നു ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യവ്യവസ്ഥ ലംഘിച്ച ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെയും മറ്റൊരു പ്രതിയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ ടി.സിദ്ധിഖ് മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെ തള്ളി. തില്ലങ്കേരിയില്‍ നടക്കുന്നത് കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണെന്ന് സിദ്ധിഖ് ആരോപിച്ചു.
ഷുഹൈബ് വധക്കേസിലെ പ്രതികളെയെല്ലാം സിപിഎം പുറത്താക്കിയത് കൊല നടന്ന ശേഷമാണ്. ആകാശ് തില്ലങ്കേരിയുടെ അച്ഛനെ പാര്‍ട്ടി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് പുറത്താക്കുന്ന വിവരം അറിയിച്ചത്. ആകാശും ഷുഹൈബും തമ്മില്‍ വ്യക്തിപരമായി ഒരു വിരോധവുമില്ല രാഷ്ട്രീയമായ വിരോധം മാത്രമാണ്.
ഞങ്ങള്‍ വായ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടു. പാര്‍ട്ടി നിര്‍ദേശമാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇത്തരത്തില്‍ പുതിയ ഒരു വെളിപ്പെടുത്തല്‍ വന്നാല്‍ വീണ്ടും അന്വേഷിക്കണമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.
എല്ലാകാലത്തും സിപിഎം ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളെ കൊണ്ട് നടക്കാറുണ്ട്. ഇത് കൂടാതെ ആകാശ് തില്ലങ്കേരി കണ്ണൂര്‍ ജയിലിലെ വിഐപിയാണ്. ആറ് മണിക്കൂര്‍ ആകാശ് ജയിലില്‍ വച്ച് കാമുകിയുമായി സംസാരിച്ചുവെന്നും സിദ്ധിഖ് ആരോപിച്ചു.
എന്നാല്‍ മുഖ്യമന്ത്രി ഇതിനെ നിഷേധിച്ചു. വലിയ പുകമറ സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദുരൂഹതകളുടെയും ഗൂഢാലോചനാസിദ്ധാന്തങ്ങളുടെയും പുകമറ നീക്കിയാല്‍ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ കാതലായ ഒന്നും ഇല്ല.
ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും തണലില്‍ പ്രവര്‍ത്തിക്കുന്നതല്ല സിപിഎം. അത്തരക്കാരെ സംരക്ഷിക്കില്ല. തിരുത്താന്‍ ശ്രമിക്കും.
അതിന് ഫലമില്ലാതെ വരുമ്പോള്‍ നടപടിയിലേക്ക് കടക്കും. അതാണ് സിപിഎം രീതി. എല്ല തെറ്റുകള്‍ക്കും അതീതരായവരാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്ന് അവകാശപ്പെടാന്‍ സാധിക്കില്ല.
എല്ലാവരും മനുഷ്യരാണ്. മനുഷ്യര്‍ക്കുള്ള ദൗര്‍ബല്യങ്ങള്‍ അവര്‍ക്കുമുണ്ടാകാം. അതില്‍ തിരുത്താന്‍ പറ്റുന്നവ തിരുത്തും.
അല്ലാത്തവയില്‍ നടപടിയിലേക്ക് കടക്കും. തെറ്റുകള്‍ മറച്ചുവച്ച് സംരക്ഷിക്കുന്ന രീതിയില്ല. പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വാഭാവികമായും പാര്‍ട്ടിക്ക് പുറത്താകും.
അത്തരം ചിലര്‍ ചിലപ്പോള്‍ വല്ലാത്ത ശത്രുതയോടെ പാര്‍ട്ടിയോട് പെരുമാറുന്നുണ്ട്. അതില്‍ വല്ലാത്ത മനസുഖം അനുഭവിക്കേണ്ട. അതൊന്നും സിപിഎമ്മിനെ ബാധിക്കുന്ന കാര്യമല്ല.
സിപിഎമ്മിനെ വിമര്‍ശിക്കാനായി തെറ്റു ചെയ്‌തവരെ മഹത്വവത്‌ക്കരിക്കരുത്. ക്രിമിനലുകളെന്നും കള്ളക്കടത്തുകാരെന്നും ക്വട്ടേഷന്‍കാരെന്നും വിശേഷിപ്പിക്കപ്പെട്ടവരെ ചാരിനിന്ന് സര്‍ക്കാരിനെയും മറ്റും ആക്രമിക്കാനുള്ള വ്യഗ്രതയാണ് പ്രതിപക്ഷത്തില്‍ കാണുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കൊന്നവര്‍ മാത്രമല്ല കൊല്ലിച്ചവരേയും കണ്ടെത്തണമെന്നതാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മറുപടി നല്‍കി. ആ ആവശ്യത്തെ സിപിഎം ഭയക്കുകയാണ്. ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിട്ട് പോലുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
പൊലീസ് അറിഞ്ഞില്ലെങ്കിലും പാര്‍ട്ടി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പി ജയരാജനെ കൊണ്ടുവന്ന് രാഷ്ട്രീയ വിശദീകരണം യോഗം നടത്തിയത്. പാര്‍ട്ടി തന്നെ കോടതിയും പൊലീസുമാകുന്ന രീതി നടക്കില്ല.
കര്‍ശന നടപടിയെന്ന് പറയുമ്പോഴും ആകാശ് തില്ലങ്കേരി ഒഴികെയുള്ള പ്രതികളെ പാര്‍ട്ടിയില്‍ തിരികെയെടുത്തു. കടുത്ത നടപടിയല്ല സ്‌നേഹത്തോടെയുള്ള നടപടിയാണ് സിപിഎം സ്വീകരിക്കുന്നത്. ഒന്നും മറയ്ക്കാനില്ലെന്ന് പറയുന്ന സര്‍ക്കാറിനെയും സിപിഎമ്മിനെയും സിബിഐ അന്വേഷണമാകാമെന്ന നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാന്‍ വെല്ലുവിളിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ കാലത്തും ഇപ്പോഴും സോളാര്‍ കേസിലെ പ്രതിയെ ചാരി നിന്നവരാണ് ഇപ്പോള്‍ പ്രതിപക്ഷം കൊലയാളികളെ ചാരി നില്‍ക്കുന്നവരെന്ന് വിമര്‍ശിക്കുന്നത്. സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി പറയുന്നത് പറഞ്ഞാല്‍ പലര്‍ക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയിരുന്നു.