തിരുവനന്തപുരം : നല്ല അവസരം ലഭിക്കും എന്നതുകൊണ്ടാണ് അനിൽ ആന്‍റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതെന്ന എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണിയുടെ പ്രസ്‌താവനയെ തള്ളി ശശി തരൂർ. എല്ലാവർക്കും മികച്ച അവസരം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. അനിൽ ആന്‍റണിക്കും കോൺഗ്രസിൽ നല്ല റോൾ ഉണ്ടായിരുന്നു.
യുവാക്കൾക്ക് പാർട്ടിയിൽ അവസരം നൽകണമെന്നതാണ് കോൺഗ്രസിന്‍റെ അഖിലേന്ത്യ നേതൃത്വത്തിന്‍റെ നിലപാട്. അതിനെ ആരും എതിർക്കുന്നില്ല. കോൺഗ്രസിലെ യുവ എംപിമാരും എംഎൽഎമാരും നല്ല പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഇത് അവസരം ലഭിച്ചത് കൊണ്ടാണ്. എല്ലാവരും പ്രവർത്തിക്കുന്നവരായതിനാൽ അവസരത്തിന് മത്സരം ഉണ്ടെന്നത് ശരിയാണെന്നും ശശി തരൂർ പറഞ്ഞു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ആര് സ്ഥാനാർഥി ആയാലും കോൺഗ്രസ് പാർട്ടി മത്സര രംഗത്ത് ഉണ്ടാകും. അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ശശി തരൂർ പറഞ്ഞു. രാഹുൽ ഗാന്ധി എവിടെ മത്സരിക്കുമെന്നത് അദ്ദേഹം പോലും തീരുമാനിച്ചിട്ടില്ല.
ബിജെപിക്ക് എതിരായും രാഹുൽ ഗാന്ധി മത്സരിക്കും. എല്ലായിപ്പോഴും ബിജെപിക്ക് എതിരെ ശക്തമായ നിലപാടാണ് രാഹുൽ ഗാന്ധി എടുക്കാറുള്ളത്. മത്സരിക്കുന്ന കാര്യം പാർട്ടി ആലോചിച്ച് തീരുമാനം എടുക്കും. അതിനുള്ള സമയം ഇപ്പോൾ ആയിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.
ഇന്ത്യ കേരളത്തിൽ യാഥർഥ്യമാകില്ല : ഇന്ത്യ മുന്നണി കേരളത്തിൽ യാഥാർത്ഥ്യമാകും എന്ന് കരുതുന്നില്ല. ഇന്ത്യ മുന്നണിയുടെ കാര്യത്തിൽ സിപിഎം നല്ല നിലപാടാണ് എടുത്തത്. സീറ്റ് വിഭജനത്തിന്‍റെ കാര്യം സംസ്ഥാനതലത്തിൽ തീരുമാനിക്കും. ഓരോ സംസ്ഥാനത്തിന്‍റെയും സാഹചര്യം അനുസരിച്ചാകും നിലപാട്.
ഇന്ത്യ മുന്നണിയിലുള്ളവരെല്ലാം ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും വരുന്നുണ്ട്. അതുകൊണ്ടുതന്നെ പാർട്ടിയെ നന്നാക്കി മുന്നോട്ടു പോകണം എന്നതുതന്നെയാണ് കേരളത്തിലെയും നിലപാട്.
നിലവിലെ സാഹചര്യത്തിൽ 20 സീറ്റും കേരളത്തിൽ യുഡിഎഫിന് വിജയിക്കാൻ കഴിയും. അതിനുള്ള ശക്തമായ പ്രചാരണ പ്രവർത്തനം നടത്തണം. സിറ്റിംഗ് എംപിമാർ മത്സരിക്കുന്നത് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് മത്സരിക്കാൻ താല്‌പര്യമില്ലെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണം. പാർട്ടിയുടെ താൽപര്യമാണ് എല്ലാവരും സംരക്ഷിക്കേണ്ടത് എന്നും ശശി തരൂർ പറഞ്ഞു.
രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്‌നത്തിൽ കാനഡയുടെ നിലപാട് തെറ്റ് : ഇന്ത്യ കാനഡ നയതന്ത്ര ബന്ധം തകരുന്ന തരത്തിലേക്കുള്ള നിലപാടുകൾ ഇരു രാജ്യവും സ്വീകരിക്കാൻ പാടില്ല. നിലവിലെ വിഷയത്തിൽ കാനഡ എടുത്ത നിലപാട് തെറ്റാണ്. എതിരഭിപ്രായം വരുമ്പോൾ പരസ്‌പരം സംസാരിച്ച ശേഷം മാത്രമാകണം നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടത്.
ഏകപക്ഷീയമായ നിലപാടുകൾ ശത്രുത മനോഭാവം ഉണ്ടാക്കും. ഇത് ഒഴിവാക്കേണ്ടതാണ്. വിദ്യാർഥികൾ അടക്കം നിരവധി ഇന്ത്യക്കാർ കാനഡയിലുണ്ട്. അതുകൊണ്ടുതന്നെ ബന്ധം വഷളാകാൻ പാടില്ല. ഇരു രാജ്യവും പരസ്‌പരം ചർച്ച ചെയ്‌ത് പ്രതിസന്ധി പരിഹരിക്കണമെന്നും ശശിതരൂർ അഭിപ്രായപ്പെട്ടു.