തിരുവനന്തപുരം: എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിച്ചു വരുത്തി ആവേശപൂര്‍വ്വം നടപ്പാക്കിയ വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ പ്രഭ മങ്ങും മുന്‍പെ സംസ്ഥാന കോണ്‍ഗ്രസില്‍ കലഹം. ചടങ്ങില്‍ തന്നെ മനപൂര്‍വ്വം അവഹേളിച്ചു എന്ന് കെ മുരളീധരൻ പറഞ്ഞതിന് പരസ്യ പിന്തുണയുമായി ശശി തരൂർ എംപി. ഇതോടെ സുധാകരൻ-സതീശൻ-വേണുഗോപാൽ സംഘത്തിനെതിരെ സംസ്ഥാന കോൺഗ്രസിൽ പടനീക്കം ശക്തമായി.
ചടങ്ങില്‍ തന്നെ മനപൂര്‍വ്വം അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന് പരസ്യ പിന്തുണയുമായി ശശി തരൂര്‍ രംഗത്ത് വന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ആരൊക്കെ പ്രസംഗിക്കണം എന്നു തീരുമാനിച്ചത് എഐസിസി ആണെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, രമേശ് ചെന്നിത്തല എന്നിവരാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാലിനും താരിഖ് അന്‍വറിനും പുറമേ സംസാരിക്കാന്‍ അവസരം ലഭിച്ച നേതാക്കള്‍. ഇതില്‍ രമേശ് ചെന്നിത്തലയ്ക്കും എംഎം ഹസനും അവസരം ലഭിച്ചത് മുന്‍ കെപിസിസി പ്രസിഡന്‍റ് എന്ന പരിഗണനയിലായിരുന്നു. അങ്ങനെയെങ്കില്‍ മുന്‍ കെപിസിസി പ്രസിഡന്‍റായ മുരളീധരനെ എന്തിന് ഒഴിവാക്കി എന്ന ചോദ്യം പരസ്യമായി ഉയര്‍ത്തി മുരളീധരന്‍ തന്നെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
നേരത്തെ എം കെ രാഘവന്‍ എംപിയെ പിന്തുണച്ച് പ്രതികരണം നടത്തിയതിന് കെപിസിസി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കിയതിന്‍റെ പേരില്‍ അന്നേ സംസ്ഥാന നേതൃത്വവുമായി മുരളീധരന്‍ ഇടഞ്ഞു നില്‍ക്കുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് ആയിരങ്ങള്‍ പങ്കെടുത്ത വേദിയിലിരുത്തി തന്നെ പരസ്യമായി അവഹേളിച്ചതെന്നാണ് മുരളീധരന്‍ വിശ്വസിക്കുന്നത്. തന്‍റെ സേവനം വേണ്ടെങ്കില്‍ അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ആദ്യ വിവാദ ഘട്ടത്തില്‍ പരസ്യ പ്രതികരണം നടത്തിയ മുരളീധരന്‍, വൈക്കം വിവാദത്തിലും ഇതേ വാക്കുകളാണ് ഉപയോഗിച്ചത് എന്നത് ശ്രദ്ധേയമാണ്.
എഐസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞത് മുഖവിലയ്‌ക്കെടുത്താല്‍ വേദിയില്‍ ആര് പ്രസംഗിക്കണം എന്നു തീരുമാനിച്ചത് വേദിയിലുണ്ടായിരുന്ന എഐസിസി സംഘടന ചുതമലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണെന്ന് വ്യക്തമാണ്. അപ്പോള്‍ തന്നെ ഒഴിവാക്കിയതിനു പിന്നില്‍ കെസി വേണുഗോപാലിന്‍റെ ഇടപെടലുണ്ടായെന്നാണ് മുരളീധരന്‍ കരുതുന്നത്.
വിവാദം ആരംഭിച്ച് 24 മണിക്കൂര്‍ തികയും മുന്‍പെ മുരളീധരനെ പിന്തുണച്ച് ശശി തരൂര്‍ കൂടി രംഗത്തെത്തി എന്നതാണ് ശ്രദ്ധേയം. എഐസിസി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നതിന്‍റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെയും ദേശീയ നേതൃത്വത്തിലെയും ചിലര്‍ തന്നെ അനഭിമതനാക്കാന്‍ അണിയറ നീക്കങ്ങള്‍ നടത്തുന്ന കാര്യം തരൂരിന് നന്നായറിയാം. മാത്രമല്ല, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെയും ക്രിസ്‌തീയ മത മേലധ്യക്ഷന്‍മാരുടെയും ക്ഷണം സ്വീകരിച്ച് സംസ്ഥാന വ്യാപകമായി ശശി തരൂര്‍ നടത്തിയ പര്യടനം സംസ്ഥാന നേതൃത്വം അസ്വസ്ഥതയോടെയാണ് കണ്ടത്.
അന്ന് തരൂരിനെ പിന്തുണച്ച് മുരളീധരന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് നിന്നുള്ള എംപിമാരില്‍ തരൂരിന് പരസ്യ പിന്തുണയുമായി നേരത്തെ രംഗത്തുണ്ടായിരുന്നത് എം കെ രാഘവന്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തെ ജന പിന്തുണയുള്ള മൂന്ന് ലോക്‌സഭാംഗങ്ങള്‍ നേതൃത്വത്തിനെതിരെ ഒരുമിക്കുന്നു എന്നതും നേതൃത്വത്തിന് തലവേദനയാണ്. കെ സി വേണുഗോപാല്‍ ദേശീയതലത്തിലുള്ള പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് തന്നെ വെട്ടാന്‍ വാളുയര്‍ത്തി നില്‍ക്കുന്നു എന്ന കാര്യം തരൂരിനും വ്യക്തമായി അറിയാം.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വയ്ക്കുന്ന പലര്‍ക്കും തരൂരിന്‍റെ അന്നത്തെ പര്യടനം അലോസരമുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍, തരൂരിനൊപ്പം നില്‍ക്കുന്നവരെ കൂടി ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്നതാണ് ഹൈക്കമാന്‍ഡിന്‍റെ പേര് പറഞ്ഞ് കെസി വേണുഗോപാല്‍ നടപ്പാക്കുന്നത്. തരൂരിനെ പിന്തുണച്ചതിനാണ് ഇപ്പോള്‍ മുരളീധരന് പരസ്യ അവഹേളനം നേരിടേണ്ടി വന്നിരിക്കുന്നതും.
വേദിയുടെ മുന്‍ നിരിയിലുണ്ടായിരുന്നിട്ടും ചരിത്രകരാനും എഴുത്തുകാരനും കൂടിയായ തരൂര്‍ തഴയപ്പെട്ടതിന്‍റെ അനൗചിത്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അസ്വസ്ഥരായ കൂടുതല്‍ ആളുകളെ സംഘടിപ്പിച്ച് തങ്ങളുടെ അടിത്തറ വിപുലമാക്കാനുള്ള കൂട്ടായ ശ്രമത്തിലാണ് തരൂരും മുരളീധരനും. ഉടന്‍ നടക്കാനിടയുള്ള പാര്‍ട്ടി പുനഃസംഘടനയിൽ ഉള്‍പ്പെടെ ഇരുവരും ഒരുമിച്ച് മുന്നേറും. പുനഃസംഘടന കഴിയുന്നതോടെ കൂടുതല്‍ അസംതൃപ്‌തര്‍ തങ്ങള്‍ക്കൊപ്പം എത്തുമെന്ന പ്രതീക്ഷയും ഇരുവര്‍ക്കുമുണ്ട്.