തിരുവന്തപുരം: കാലവര്‍ഷം സംഹാര താണ്ഡവമാടിയെന്ന പഴയ പഴമൊഴി ഇന്ന് ശംഖുമുഖത്തിന്‍റെ കാര്യത്തില്‍ പ്രസക്‌തമേയല്ല. ഈ കാലവര്‍ഷത്തിലല്ല, ശംഖുമുഖമെന്ന മനോഹര തീരത്തെ കടല്‍ വിഴുങ്ങിയിട്ട് കാലങ്ങളാകുന്നു. എവിടെ ശംഖുമുഖം ബീച്ച്, എവിടെ ആ ഇരിപ്പിടങ്ങള്‍, എവിടെ തീരത്തേക്കുള്ള റോഡുകള്‍... നമുക്കൊന്നു നോക്കാം
എന്തുപറ്റി ശംഖുമുഖത്തിന്
എന്താണു ശംഖുമുഖം ബീച്ചിനു പറ്റിയതെന്ന കാര്യത്തിൽ ഇന്നും ആർക്കും വ്യക്തമായ ഉത്തരമില്ല. ശംഖുമുഖത്തിനു തെക്കു ഭാഗത്ത് വിഴിഞ്ഞം തുറമുഖത്തിനു കല്ലിട്ടതാണെന്ന് ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നടക്കുന്നതിനു തെക്കു വശത്തുള്ള പൂവാര്‍, പെഴിയൂര്‍ തീരദേശ മേഖലകളില്‍ എങ്ങനെ വന്‍ തോതില്‍ തീരശോഷണമുണ്ടായി എന്നതിന് ഉത്തമില്ല. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമോ കാലാവസ്ഥാ വ്യതിയാനമോ, ആരാണ് യഥാര്‍ഥ വില്ലന്‍ എന്ന കാര്യത്തിൽ വലിയ ചര്‍ച്ചകൾ ഉയര്‍ന്നു കഴിഞ്ഞു.
ചരിത്രസ്മാരകങ്ങള്‍ തകരുന്നു
ശംഖുമുഖത്തിന്‍റെ അടയാള സ്തംഭങ്ങളായ കല്‍മണ്ഡപം, ശംഖുമുഖം കൊട്ടാരം, പഴയ കോഫി ഹൗസ് കെട്ടിടം എന്നിവയൊക്കെ നിലനില്‍പ്പു ഭീഷണിയിലാണ്. ശംഖുമുഖത്തെ ആശ്രയിച്ച് ഉപജീനം നടത്തിയിരുന്ന ആയിരങ്ങളുടെ ജിവനും ഇന്ന് തുലാസിലാണ്. കാലവസ്ഥാ വ്യതിയാനമോ കാലവര്‍ഷത്തിന്‍റെ കലിതുള്ളലോ എന്നറിയില്ലെങ്കിലും ശംഖുമുഖത്തിന്‍റെ നിലനില്‍പ്പ് അപകടത്തിലാണ് എന്നു മാത്രമേ ഇപ്പോൾ പറയാൻ സാധിക്കുകയുള്ളു.
വിമാനത്താവളത്തെ കടല്‍ വിഴുങ്ങുമോ
ഏറെ ഞെട്ടിപ്പിക്കുന്ന മറ്റൊരു യാഥാര്‍ഥ്യം ശംഖുമുഖത്തിനു സമീപത്തെ തിരുവനന്തപുരം വിമാനത്താവളവും ഇന്ന് നിലനില്‍പ്പു ഭീഷണിയിലാണ് എന്നതാണ്. കസ്റ്റംസ് ഓഫീസിന്‍റെ മുറ്റം വരെ ഇപ്പോൾ കടല്‍ ഇരച്ചെത്തുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ആഭ്യന്തര ടെര്‍മിനലിനെയും കടൽ വിഴുങ്ങാൻ അധിക കാലം വേണ്ടിവരില്ല.
പ്രതീക്ഷ മുഖ്യമന്ത്രിയില്‍
കാലവസ്ഥാ വ്യതിയാനത്തില്‍ ശംഖുമുഖത്തെ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ മാത്രമാണ് തലസ്ഥാന വാസികളുടെ സ്വപ്ന തീരത്തിനു പ്രതീക്ഷയുടെ ചിറകു നല്‍കുന്നത്. അപ്പോഴും ചരിത്രമുറങ്ങുന്ന ശംഖുമുഖം കടപ്പുറത്തിന് ഇനിയൊരു മടങ്ങിവരവ് എത്രത്തോളം സാധ്യമാണെന്ന ചോദ്യം ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട്.
ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളജ് സന്ദർശിച്ച് ആരോഗ്യ മന്ത്രി