തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിനെ സംബന്ധിച്ചുള്ള വിവാദത്തില്‍ വിശദമായി പരിശോധന നടത്തിയതിന് ശേഷം മറുപടി നല്‍കാമെന്ന് ഉന്നത വിദ്യാഭാസ മന്ത്രി ആര്‍.ബിന്ദു. മാധ്യമങ്ങൾ വഴിയാണ് താന്‍ വിവരം അറിഞ്ഞതെന്നും വിഷയം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാം സെമസ്‌റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയില്ല. എന്നിട്ടും പട്ടിക പ്രകാരം ആര്‍ഷോ പരീക്ഷയില്‍ വിജയിച്ചവരുടെ കൂട്ടത്തിലാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്നാം സെമസ്‌റ്റര്‍ പരീക്ഷ റിസള്‍ട്ട് പുറത്ത് വന്നത്. മാര്‍ക്ക് ലിസ്റ്റില്‍ മൂന്നാം സെമസ്‌റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഇതാണ് വിവാദമായത്. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ ഓഫിസിൽ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി. അതേസമയം വിഷയത്തില്‍ ആര്‍ഷോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മഹാരാജാസ് കോളജിന്‍റെ പേരിലെ വ്യാജ രേഖയെ കുറിച്ചും പ്രതികരണം: എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് അധ്യാപികയായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പൂര്‍വ വിദ്യാര്‍ഥിനിക്കെതിരെ കേസെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. വ്യാജ രേഖകൾ ചമയ്ക്കൽ നടക്കുന്നുണ്ടെന്നും നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് അതില്‍ അഭിപ്രായം പറയാൻ പറ്റില്ലെന്നും, കാരണം അത് ഒരു വ്യക്തി ചെയ്യുന്ന തെറ്റാണെന്നും മന്ത്രി പറഞ്ഞു. വ്യാജ സീലുകൾ ഉണ്ടാക്കാൻ ഇക്കാലത്ത് ബുദ്ധിമുട്ട് ഇല്ലെന്നും ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കാനുള്ള നിയമപരമായിട്ടുള്ള നടപടികൾ ചെയ്യുമെന്നും കാര്യങ്ങള്‍ കൃത്യമായി പഠിച്ചതിന് ശേഷം പരിശോധിച്ച് മറുപടി പറയാമെന്നും ആർ ബിന്ദു പറഞ്ഞു.
ജോലിയും വ്യാജ രേഖ ചമക്കലും ഒടുക്കം കേസും: മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയായ കാസർകോട് സ്വദേശിനി വിദ്യയാണ് 2018 മുതൽ 2021 വരെ മഹാരാജാസ് കോളജിൽ താത്‌കാലിക അധ്യാപികയായിരുന്നുവെന്ന വ്യാജ രേഖ ചമച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് മഹാരാജാസ് കോളജില്‍ നിന്ന് വിദ്യ മലയാളത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച വിദ്യ വിവിധ കോളജുകളില്‍ ഇതുപയോഗിച്ച് ജോലി ചെയ്‌തു. കോളജ് പ്രിന്‍സിപ്പലിന്‍റെ പേരും ഒപ്പും അടക്കമുള്ള രേഖയാണ് ചമച്ചിട്ടുള്ളത്.
2018 മുതല്‍ 2021 വരെ കോളജില്‍ ജോലി ചെയ്‌തതായാണ് രേഖ ചമച്ചിട്ടുള്ളത്. ഇത് ഉപയോഗിച്ച് അട്ടപ്പാടി ഗവ.കോളജില്‍ ജോലി നേടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രേഖ പരിശോധിച്ച കോളജ് അധികൃതര്‍ക്ക് സംശയം തോന്നിയതോടെയാണ് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടത്. ഇതിന് പിന്നാലെ പ്രിന്‍സിപ്പല്‍ രേഖകള്‍ പരിശോധിച്ച് അവ വ്യാജമാണെന്ന് അറിയിക്കുകയും ചെയ്‌തു.
വിഷയത്തില്‍ മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ കേസെടുത്തു. അന്വേഷണത്തിനായി കേസ് അട്ടപ്പാടി പൊലീസിന് കൈമാറും. വ്യാജരേഖ ചമച്ചതിന് പിന്നിൽ എസ്എഫ്ഐ സംസ്ഥാന നേതാവിന് പങ്കുണ്ടെന്ന് ആരോപിച്ച് കെഎസ്‌യു മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ ഓഫിസിലേക്ക് മാർച്ച് നടത്തി.
more read: മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ നിര്‍മിച്ച് അധ്യാപികയായി; പൂര്‍വ വിദ്യാർഥിനിക്കെതിരെ കേസ്