തിരുവനന്തപുരം : സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ നടുറോഡില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധവും നാടകീയ രംഗങ്ങളും (SFI protest against Governor). ഡല്‍ഹിയിലേക്ക് പോകാനായി രാജ്ഭവനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.
ആദ്യം പാളയം അണ്ടര്‍പാസിന് സമീപത്ത് കരിങ്കൊടി കാണിച്ചപ്പോള്‍ തന്നെ വാഹനം നിര്‍ത്തി ഗവര്‍ണര്‍ (Arif Mohammed Khan) റോഡിലിറങ്ങി. പൊലീസുകാരോട് കയര്‍ത്തതിന് ശേഷം വീണ്ടും യാത്ര തുടരുന്നതിനിടെ പേട്ട പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് വീണ്ടു കരിങ്കൊടി കാണിച്ചു. ഇതോടെ ക്ഷുഭിതനായ ഗവര്‍ണര്‍ വാഹനം നിര്‍ത്തി ചാടിയിറങ്ങി. ഇതാണോ ഗവര്‍ണര്‍ക്ക് ഒരുക്കിയ സുരക്ഷയെന്നും മുഖ്യമന്ത്രിക്കെതിരെ ആയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള കരിങ്കൊടി പ്രതിഷേധം നടക്കുമായിരുന്നോ എന്ന് ചുറ്റും നിന്ന മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി അദ്ദേഹം ചോദിച്ചു.
തന്നെ കായികമായി കൈകാര്യം ചെയ്യുന്നതിന് മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രിയുടെ ആജ്ഞ അനുസരിക്കാന്‍ ബാധ്യസ്ഥരായ പാവം പൊലീസുകാരെ തെറ്റ് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ വാഹനം നിര്‍ത്തിയതോടെ ഗവര്‍ണറുടെ വാഹനവ്യൂഹം നിര്‍ത്തുകയും സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ക്ക് സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്‌തു.
പിന്നീട് ഗവര്‍ണര്‍ യാത്ര തുടര്‍ന്നെങ്കിലും വിമാനത്താവളത്തിലേക്കുള്ള പല സ്ഥലങ്ങളിലും ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. എന്നാല്‍ പ്രതിഷേധകാര്‍ക്കെതിരെ ദുര്‍ബലമായ പ്രതിരോധം മാത്രമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചു.
നാല് വര്‍ഷം മുന്‍പ് കണ്ണൂര്‍ സര്‍വകലാശാലയിലെ ചടങ്ങില്‍ സംസാരിക്കവെ ഈ ഗുണ്ട സംഘം തന്നെ കായികമായി ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും ഇതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അന്ന് തന്നെ ആക്രമിക്കാന്‍ നേതൃത്വം കൊടുത്ത ആളെ പ്രൈവറ്റ് സെക്രട്ടറിയായി മുഖ്യമന്ത്രി പിന്നീട് നിയമിക്കുകയാണ് ചെയ്‌തത്. അതേ ഗുണ്ടകളാണ് ഇന്നും തന്നെ കായികമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത്.
മുഖ്യമന്ത്രിയും യാത്രയിലാണലോ, അദ്ദേഹത്തിനെതിരെ എവിടെയെങ്കിലും ഇത്തരത്തിലുള്ള നീക്കം നടത്താന്‍ പൊലീസുകാര്‍ സമ്മതിക്കുമോയെന്നും ഇതാണോ തനിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷയെന്നും ഗവര്‍ണര്‍ ചോദിച്ചു. കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളുവെന്നും വ്യക്തമാക്കി ക്ഷുഭിതനായി ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് പോയി. ഗവര്‍ണറെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത ശേഷം വിട്ടയച്ചു.
കഴിഞ്ഞ ദിവസം വഴുതക്കാട് ജങ്ഷനിൽ വച്ച് എസ്എഫ്ഐ പ്രവർത്തകര്‍ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. വഴുതക്കാട് ഹയാത്ത് റീജൻസി ഹോട്ടലിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തി മടങ്ങുമ്പോഴാണ് സംഭവം. ഗവർണർ സർവകലാശാലകളെ കാവിവത്‌കരിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നേരത്തെ സംസ്ഥാന വ്യാപകമായും സമരം നടത്തിയിരുന്നു. രാജ്ഭവനിലേക്കും വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്കും മാർച്ചും നടത്തിയിരുന്നു. ഗവർണർ ഇതേ നിലപാട് ആവർത്തിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്.