തിരുവനന്തപുരം: 14കാരിയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും 25,500 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്‌ജി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്. മാറന്നല്ലൂർ ചെന്നിവിള സ്വദേശി രവീന്ദ്രൻ നായര്‍ക്കെതിരെയാണ് (64) വിധി. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം.
2019 ഓഗസ്റ്റ് 23ന് വൈകിട്ട് അഞ്ചരയോടെ വെള്ളയമ്പലത്തു വച്ചാണ് കേസിനാസ്‌പദമായ സംഭവം. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി തടഞ്ഞുനിർത്തി, സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. നളന്ദ ജങ്‌ഷനിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. റോഡിൽ തിരക്കില്ലാത്ത തക്കം നോക്കിയാണ് പ്രതി പീഡിപ്പിച്ചത്.
ബാലികയ്‌ക്കെതിരെ പ്രതിയുടെ വധഭീഷണി: ലൈംഗികാതിക്രമം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഭയന്ന ബാലിക പുറത്താരോടും ഇക്കാര്യം പറഞ്ഞില്ല. പഠനത്തിലും കായിക രംഗത്തും മിടുക്കിയായിരുന്ന കുട്ടി സംഭവത്തിന് ശേഷം മനോവിഷമത്തിലായിരുന്നു. വീട്ടുകാരും അധ്യാപകരും കാരണം ചോദിച്ചെങ്കിലും ഭയന്ന കുട്ടി വിവരം പുറത്തുപറഞ്ഞില്ല.
സംഭവം കുട്ടി പുറത്ത് പറഞ്ഞില്ലെന്നത് അറിഞ്ഞതോടെ നേരില്‍ കാണുമ്പോള്‍ പ്രതി അശ്ലീല ചേഷ്‌ടകൾ കാണിക്കുമായിരുന്നു. ഇതിൽ മനംനൊന്ത് സ്‌കൂളിൽ ഇരുന്ന് ബാലിക കരയുന്നത് അധ്യാപിക കണ്ടതോടെയാണ് സംഭവം പുറത്തായത്. തുടർന്ന്, പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബാലികയ്‌ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വ. എം മുബീന എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്‌തരിച്ചു. 20 രേഖകൾ ഹാജരാക്കി. പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകാൻ ഉത്തരവിൽ പറയുന്നുണ്ട്. മ്യൂസിയം സബ് ഇൻസ്പെക്‌ടർമാരായ ബിഎം ഷാഫി, ശ്യാംരാജ് ജെ നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്.