തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് സംസ്ഥാന സർക്കാർ പ്രവേശനം അട്ടിമറിക്കുകയാണെന്ന് നിയമസഭയിൽ പ്രതിപക്ഷ ആരോപണം. മെഡിക്കൽ പ്രവേശനം അനിശ്ചിതത്വത്തിൽ ആണെന്നും വിദ്യാർത്ഥികളുടെ ആശങ്ക ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് വിഎസ് ശിവകുമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്രവേശനം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫീസിൽ പ്രവേശനം നടത്തുമെന്നും രാജ്യത്ത് ഏറ്റവും കുറവ് ഫീസ് വാങ്ങുന്നത് കേരളത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫീസ് എത്രയെന്ന് അറിയാതെ കുട്ടികൾക്ക് പ്രവേശനം നേടേണ്ടി വരുന്നത് സർക്കാറിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.