തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിച്ചേക്കും. തീപിടിത്തത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കുന്ന ദുരന്തനിവാരണ കമ്മിഷണർ ഡോ. എ കൗശികന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം, നാശനഷ്ടങ്ങളുടെ വിലയിരുത്തൽ, നശിച്ച ഫയലുകൾ, തീ പിടിത്തത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുന്നത്. ദൃക്‌സാക്ഷികൾ, രക്ഷാപ്രവർത്തനം നടത്തിയവർ, പൊതുഭരണ വകുപ്പിലെ ജീവനക്കാർ തുടങ്ങിയവരെ ഹിയറിങ് നടത്തിയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.
ഫാനിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്വർണക്കടത്തടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ആസൂത്രിതമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.