തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ രണ്ടാമത്തെ വൈദ്യുതി ഉൽപാദന നിലയവുമായി കെ.എസ്.ഇ.ബി. 800 മെഗാവാട്ട് അധിക വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 2700 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഇടുക്കി വൈദ്യുത നിലയം 2026 ല്‍ 50 വര്‍ഷം പൂര്‍ത്തിയാകും.
ഇടുക്കി സുവര്‍ണ ജൂബിലി വിപുലീകരണ പദ്ധതി
ഇടുക്കി രണ്ടാം പവര്‍ഹൗസിന്‍റെ പദ്ധതി രേഖ കെ.എസ്.ഇ.ബി ആസ്ഥാനത്ത് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി പ്രകാശനം ചെയ്‌തു. ഇടുക്കി ജലസംഭരണിയില്‍ നിന്നും കുളമാവ് ഭാഗത്തെ തുരങ്കം വഴി വെള്ളം പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. നാല് ജനറേറ്ററുകള്‍ കൂടി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള ഊര്‍ജ ഉൽപാദനം 2590 യൂണിറ്റായി വര്‍ധിക്കും.
ടെണ്ടര്‍ നടപടികള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്. ഇടുക്കി പദ്ധതിയുടെ അടുത്ത ഘട്ടം എന്ന നിലയില്‍ നിലവിലെ ജലാശയ ശേഷി ഉപയോഗപ്പെടുത്തി വൈകുന്നേരങ്ങളിലെ അധിക വൈദ്യുതി ആവശ്യകത കണ്ടെത്തുന്ന വിധത്തിലാണ് ഇടുക്കി എക്സ്റ്റന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്.
കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴില്‍ പൊതുമേഖല സ്ഥാപനമായ ഡബ്ളിയുഎപിസിഒഎസ് (WAPCOS) നടത്തിയ പഠനത്തിലാണ് നിലവിലെ ജലാശയ ശേഷി തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് 800 മെഗാവാട്ട് ശേഷിയുള്ള നിലയം സ്ഥാപിക്കാന്‍ സാധിക്കും എന്ന് കണ്ടെത്തിയത്. പുതുതായി നിര്‍മിക്കേണ്ട ജലാശയത്തില്‍ സംഭരണശേഷി വര്‍ധിപ്പിക്കേണ്ടത് ആവശ്യമില്ലാത്തതിനാല്‍ പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.