തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ദിനംപ്രതി 200 പേര്‍ക്ക് ഇവിടെ വാക്‌സിന്‍ സ്വീകരിക്കാൻ കഴിയും. കുത്തിവയ്‌പ് എടുക്കാന്‍ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വർധനവുണ്ടായതോടെയാണ് ഒരു സ്റ്റേഷന്‍ കൂടി ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലാബ് സമുച്ചയത്തില്‍ ആദ്യ വാക്‌സിനേഷന്‍ കേന്ദ്രം നേരത്തെ തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇവിടെ ആദ്യ ദിവസം 57 പേര്‍ക്കാണ് കുത്തിവയ്‌പ് നല്‍കിയത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിവസേന 90 പേര്‍ക്ക് വരെ വാക്‌സിന്‍ നല്‍കി. പുതിയ സ്റ്റേഷനും ആദ്യത്തേതിനു തൊട്ടടുത്തു തന്നെയാണ് ആരംഭിച്ചത്. അതിനായി ഇന്‍ജക്ഷന്‍ റൂം, ഡാറ്റാ വെരിഫിക്കേഷന്‍ റൂം എന്നിവ പ്രത്യേകം സജ്ജമാക്കി. രണ്ടു സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ മെഡിക്കല്‍ കോളജിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു മാസത്തിനുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അലര്‍ജി ഉള്ളവര്‍ക്ക് തല്‍ക്കാലം കുത്തിവയ്‌പ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഐസിയു സംവിധാനമുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം അലര്‍ജി പ്രശ്‌നം ഉള്ളവരെ പരിഗണിക്കും.
രോഗ പ്രതിരോധ ശക്തി ആരോഗ്യകരമായ കോശങ്ങളെ ബാധിക്കുന്ന രോഗമുള്ള ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് ഗ്രൂപ്പിലുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം കൊവിഡ് മുക്തരായി നാലു മുതല്‍ എട്ട് ആഴ്‌ചവരെയായവര്‍ക്ക് കുത്തിവയ്‌പ് നല്‍കി. അവയവം മാറ്റിവച്ച ഏതാനും പേരും കുത്തിവയ്‌പ് എടുത്തു.