തിരുവനന്തപുരം: ഭൂമിയിലെ താപനില വർധിച്ചാൽ 2050ൽ എന്ത് സംഭവിക്കും? കാലാവസ്ഥ വ്യതിയാനം, നഗരവത്കരണത്തിന്‍റെ പരിണാമം, അന്തരീക്ഷ മലിനീകരണം, വനശോഷണം ഇങ്ങനെ ദേശീയ- അന്തർദേശീയ തലത്തില്‍ ചർച്ച ചെയ്യുന്ന വിഷയങ്ങൾ. പലതും കേട്ടാല്‍ മനസിലാകാത്തവ(Science on Sphere in Biodiversity Museum Thiruvananthapuram Presenting the viewers with interesting views) .
എന്നാല്‍ ഇതെല്ലാം നേരിട്ട് കണ്ട് മനസിലാക്കാൻ കഴിയുന്ന ശാസ്ത്ര ഉപകരണമാണ് ഇക്കാണുന്നത്. ഇത് 'സയൻസ് ഓൺ എ സ്‌ഫിയർ'... ആറടി വ്യാസമുള്ള ഭീമൻ ഗോളത്തില്‍ ദൃശ്യ- ശ്രവ്യ മികവോടെ ഭൂമിയുടെ കര, സമുദ്രങ്ങൾ, അന്തരീക്ഷം എന്നിവയുടെ സങ്കീർണ്ണമായ പ്രക്രിയകൾ എന്താണെന്ന് മനസിലാക്കാം. ജനങ്ങളിൽ ജൈവവൈവിധ്യത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ കീഴിൽ തിരുവനന്തപുരം വള്ളക്കടവിലുള്ള ചരിത്രപ്രധാനമായ 'ബോട്ടുപുര'യിലാണ് 'സയൻസ് ഓൺ എ സ്‌ഫിയർ' സജ്ജീകരിച്ചിട്ടുള്ളത്.
ഇതോടൊപ്പം വംശനാശം സംഭവിച്ച ദിനോസറുകളുടെ വിവരണം അടങ്ങുന്ന ഏജ് ഓഫ് ദിനോസർ ഗാലറി, സമുദ്രത്തിനടിത്തട്ടിലെ പവിഴപ്പുറ്റുകളുടെയും സസ്യജാലങ്ങളുടെയും ജൈവവൈവിധ്യം പ്രദർശിപ്പിക്കുന്ന ഗാലറി, കടൽ ശംഖുകളുടെ അപൂർവ ശേഖരം കാണാൻ അവസരമൊരുക്കുന്ന 'ട്രഷർ ഫ്രം ദി സീ' ഗാലറി എന്നിവയും ഇവിടെയുണ്ട്. ചോമാല, ചിറ്റേനി, കോതാണ്ടൻ എന്നിങ്ങനെ കേരളത്തിന്‍റെ തനത് നെല്ലിനങ്ങളുടെ ശേഖരവും മ്യൂസിയത്തിൽ കാണാം. 25ഓളം പക്ഷികളുടെ ശബ്‌ദം കേൾക്കാൻ കഴിയുന്ന കിയോയ്‌സ്‌ക്, പ്രകൃതിയുടെ ജൈവവൈവിധ്യ കാഴ്‌ചകൾ കാണാൻ ത്രീ ഡി തിയേറ്റർ എന്നിവയും ഇവിടെയുണ്ട്.
'സയൻസ് ഓൺ എ സ്‌ഫിയർ': ഭൂമിയുടെ കര, സമുദ്രങ്ങൾ, അന്തരീക്ഷം എന്നിവയുടെ ആനിമേറ്റഡ് ചിത്രങ്ങൾ ഒരു വലിയ ഗോളത്തിൽ ചിത്രീകരിച്ച്, ഈ സങ്കീർണ്ണമായ പ്രക്രിയകൾ എന്താണെന്ന് വിശദീകരിക്കാൻ കഴിയുന്നതാണ് 'സയൻസ് ഓൺ എ സ്‌ഫിയർ'. വളരെ സങ്കീർണ്ണമായ പാരിസ്ഥിതിക പ്രക്രിയകളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണിത്. ഈ സംവിധാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നാസയുടെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
തത്സമയ ഇൻഫ്രാറെഡ് സാറ്റലൈറ്റ് ഇമേജുകൾ, തത്സമയ ഭൂകമ്പങ്ങൾ, സമുദ്രത്തിലെ അമ്ലീകരണ മാതൃക, രാത്രിയിലെ ഭൂമി, ചൊവ്വ, ഭൂമിയുടെ ബഹിരാകാശത്തെ ചുറ്റിപ്പറ്റിയുള്ള വായു, ഉപഗ്രഹ ഗതാഗതം, കാലാവസ്ഥ, താപനില വ്യതിയാനങ്ങൾ എന്നിവ ഉൾപ്പെടെ 500-ലധികം ഡാറ്റാസെറ്റുകൾ നിലവിൽ 'സയൻസ് ഓൺ എ സ്‌ഫിയർ' ഗോളത്തിൽ കാണിക്കാനാകും.
ജൈവവൈവിധ്യ മ്യൂസിയം: ജൈവ വിഭവങ്ങളുടെ സംരക്ഷണവും ഉപയോഗങ്ങളും സന്ദർശകർക്ക് കണ്ട് മനസിലാക്കാവുന്ന പ്രദർശനങ്ങളാണ് ജൈവവൈവിധ്യ മ്യൂസിയത്തിന്‍റെ പ്രധാന സവിശേഷത. കുട്ടികളാണ് മ്യൂസിയത്തിലെ പ്രധാന സന്ദർശകർ. സമുദ്രത്തിനടിയിലെ ജൈവവൈവിധ്യം മനസ്സിലാക്കുന്നതിനും ചതുപ്പ് നിലങ്ങളിലെ ഇക്കോ സിസ്റ്റം മനസ്സിലാക്കുന്നതിനും പ്രത്യേകം ഗാലറികൾ സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയ പശു ഇനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയും ചിത്രശലഭങ്ങളുടെ ജീവിതചക്രത്തിന്‍റെ വീഡിയോ പ്രദർശനവും മ്യൂസിയത്തിലുണ്ട്.
5.30 കോടി ചെലവിലാണ് മ്യൂസിയം ഒരുക്കിയത്. പൈതൃക കെട്ടിടമായതിനാൽ അതിന്‍റെ ഘടനയ്ക്ക് മാറ്റം വരാത്ത തരത്തിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 40 രൂപയും ആണ് ടിക്കറ്റ് നിരക്ക്.