തിരുവനന്തപുരം: കൊവിഡ് മഹാമാരി തടങ്കലിലിട്ട സംസ്ഥാനത്തെ കുട്ടികള്‍ക്ക് മോചനം. എല്ലാവര്‍ഷവും ജൂണ്‍ ഒന്നിന് ആഘോഷിക്കുന്ന പ്രവേശനോത്സവം ഇക്കുറി നവംബര്‍ ഒന്നിന് നടക്കുമ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിലെ പുതിയൊരു ഏട് ഇന്ന് എഴുതി ചേര്‍ക്കും. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന സംസ്ഥാനത്തെ ഒരു കുട്ടി പോലും സ്കൂളിലിരുന്ന് പഠിച്ചിട്ടില്ല. ഇപ്രാവശ്യത്തെ ഒന്നാം ക്ലാസുകാരെ പോലെ ഇക്കുറി അവര്‍ക്കും സ്കൂള്‍ എന്നത് പുത്തൻ അനുഭവമായിരിക്കും.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ 8.30നാണ് സംസ്ഥാനതല പ്രവേശനോത്സവം. ജൂണ്‍ മാസത്തില്‍ മഴയ്‌ക്കൊപ്പം സ്‌കൂളുകളില്‍ എത്തുന്ന പതിവ് മാറിയെങ്കിലും മഴയ്‌ക്കൊപ്പമാകും ഇത്തവണയും കുട്ടികള്‍ സ്‌കൂളുകളിലെത്തുക.
വിപുലമായ സജ്ജീകരണങ്ങളാണ് സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഒരു ക്ലാസ് മുറിയില്‍ 20 കുട്ടികള്‍ക്കാണ് പ്രവേശനമുള്ളത്. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളില്‍ ഇത് രണ്ട് ഷിഫ്റ്റ് ആയിരിക്കും. ആദ്യ ഘട്ടത്തില്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്ലാസുകള്‍. സ്‌കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും. സ്‌കൂള്‍ അന്തരീക്ഷവുമായി ഇണങ്ങാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യ ആഴ്ചകളില്‍ നടക്കുക.
പോകാം കരുതലോടെ..........
സ്‌കൂള്‍ കവാടത്തില്‍ നിന്നുതന്നെ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കും. സാനിട്ടൈസറുകള്‍ ക്ലാസ് മുറികളിലും കവാടങ്ങളിലും സജ്ജമാക്കും. കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് അധ്യാപകര്‍ ഉറപ്പാക്കും. സ്‌കൂള്‍ ബസുകളിലും അകലം പാലിക്കാന്‍ ശ്രദ്ധിക്കണം.
സ്‌കൂള്‍ ബസ് ഇല്ലാത്തയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. വാക്‌സിനെടുത്ത അധ്യാപകര്‍ക്ക് മാത്രമാണ് സ്‌കൂളിലെത്താന്‍ അനുമതി. നിലവില്‍ ഭൂരിഭാഗം അധ്യാപകരും വാക്‌സിന്‍ എടുത്തുകഴിഞ്ഞിട്ടുണ്ട്.
ആശങ്കയൊഴിയാതെ രക്ഷിതാക്കള്‍....
ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആവര്‍ത്തിക്കുമ്പോഴും സ്‌കൂളുകളില്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കുമോ എന്ന ആശങ്ക രക്ഷിതാക്കളില്‍ നിന്ന് ഒഴിഞ്ഞിട്ടില്ല. ചെറിയ ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് ആശങ്ക.
ചെറിയ ശതമാനം രക്ഷിതാക്കള്‍ ഇപ്പോള്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പരമാവധി കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ഇതിനായി ഒരുക്കിയ സൗകര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് അയച്ചുനല്‍കുന്നുണ്ട്.