തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷം ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സജീവമാവുകയാണ് സ്‌കൂള്‍ വിപണി. കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഇപ്പോഴാണ് സ്‌കൂള്‍ വിപണി വീണ്ടും ഉണരുന്നത്. ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് വ്യാപാരികളും.
എന്നാല്‍ സ്‌കൂള്‍ വിപണിയിലെ പ്രധാന ഇനങ്ങളായ ബാഗ്, ചെരുപ്പ്, കുട എന്നിവയുടെ വിലയില്‍ ഇരുപത് ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നത്. 250 രൂപ മുതലാണ് സ്‌കൂള്‍ ബാഗുകളുടെയും കുടയുടെയും വില തുടങ്ങുന്നത്. എന്നാല്‍ ബുക്ക് പൊതിയുന്ന പേപ്പര്‍ മുതല്‍ നെയിം സ്ലിപ്പിന് വരെ വില കൂടിയതിനാല്‍ മാസ വരുമാനത്തിന്‍റെ ഏറിയ പങ്കും രക്ഷിതാക്കള്‍ക്ക് ഈ മാസം കുട്ടികള്‍ക്കായി നീക്കി വയ്‌ക്കേണ്ടി വരും.
യൂണിഫോം തുണിത്തരങ്ങള്‍ക്ക് മീറ്ററിന് 20 മുതല്‍ 40 രൂപ വരെ വില ഉയര്‍ന്നു. ഗതാഗതാ ചെലവ്, ഇന്ധനം, അസംകൃത വസ്‌തുക്കളുടെ വില വര്‍ധനവും ഇതരസംസ്ഥാനങ്ങളിലെ കൊവിഡ് ആശങ്കയും സ്‌കൂള്‍ വിപണിയിലെ വില വർധനയ്‌ക്ക് കാരണമായെന്ന് വ്യാപാരികള്‍ പറഞ്ഞു.
എന്നാല്‍ ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരയുമാണ് വില വര്‍ധനവ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ത്രീ ഫോള്‍ഡ് കുടക്കും വളയന്‍കാല കുടയ്‌ക്കും 390 മുതല്‍ 850 രൂപ വരെയാണ് വില. വര്‍ണക്കുടകള്‍ 200 രൂപ മുതല്‍ ലഭിക്കും. നല്ല സ്‌കൂള്‍ ബാഗുകള്‍ വാങ്ങാന്‍ 800 മുതല്‍ 1000 രൂപ വരെ ചെലവാകും. പെന്‍സില്‍, നോട്ട് ബുക്ക് തുടങ്ങിയവയ്‌ക്കെല്ലാം നേരിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്.