തിരുവനന്തപുരം: രണ്ടു വർഷത്തിനിടെ യാത്രപ്പടി, സിറ്റിംഗ് ഫീസ്, ഓണറേറിയം ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയ കെടിയു (കേരള സാങ്കേതിക സര്‍വകലാശാല) സിൻഡിക്കേറ്റ് അംഗങ്ങൾ ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുത്തതിന് 5000 യാത്രപ്പടിയും ഓണറേറിയവും വാങ്ങിയതായി രേഖകൾ (Save University Committee against KTU Syndicate Members).
മറ്റ് സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്‌തമായി, സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രപ്പടിക്ക് പുറമെ 5000 രൂപ വീതം ഓണറേറിയം (Honorarium) കൈപ്പറ്റുന്നത് കെടിയുവിൽ (Kerala Technological University - KTU) മാത്രമാണെന്നും യാത്രപ്പടിക്ക് പുറമെ സര്‍വകലാശാലയുടെ ചെലവിൽ മുന്തിയ ഹോട്ടലിൽ താമസ സൗകര്യവും എ കെ ജി സെന്‍ററിലേയ്ക്കുൾപ്പടെ സ്വകാര്യ കാര്യങ്ങൾക്ക് സര്‍വകലാശാല വാഹനങ്ങൾ സിൻഡിക്കേണ്ട് അംഗങ്ങൾ ഉപയോഗിച്ചുവെന്നും സേവ് യൂണിവേഴ്‌സിറ്റിയുടെ ആരോപണം
തെളിവുണ്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി: കെടിയുവിന് കീഴിലുള്ള കോളജുകളിൽ പരിശോധനയ്ക്ക് രണ്ട് സിൻഡിക്കേറ്റ് മെമ്പർമാരെയാണ് ചുമതലപ്പെടുത്തുന്നത്. ഒരു ദിവസം മൂന്ന് കോളജുകളിൽ മാത്രം പരിശോധന നടത്തി 15000 രൂപവരെ ചിലർ ഓണറേറിയമായി കൈപ്പറ്റിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഓൺലൈൻ മീറ്റിംഗുകളാണ് കൂടുതലായി നടത്തിയത്. സ്വന്തം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഓൺലൈൻ മീറ്റിങ്ങുകൾ നടക്കുന്നത്. ഈ മീറ്റിങ്ങുകൾക്കും സിൻഡിക്കേറ്റ് അംഗങ്ങൾ ടിഎ, ഓണറേറിയം എന്നിവ കൈപ്പറ്റിയതിന്‍റെ രേഖകളുമാണ് പുറത്തായത്.
യാത്രപടിക്കു പുറമെ സർവ്വകലാശാലയുടെ വാഹനങ്ങൾ സിൻഡിക്കേറ്റങ്ങൾ യഥേഷ്‌ടം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. സിപിഎം നേതാവ് പി.കെ. ബിജു സര്‍വകലാശാലയുടെ വാഹനം സിഐടിയു ഓഫീസ്, എകെജി സെന്‍റർ എന്നിവിടങ്ങളിൽ പോകാനും മറ്റ് അനൗദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിച്ചതിന്‍റെ വിവരാവകാശ രേഖകൾ ഉണ്ടെന്നാണ് സേവ് യൂണിവേഴ്‌സിറ്റി പറയുന്നത്.
പരീക്ഷാ ഫീ (Examination Fee), റീവാലുവേഷൻ ഫീ (Revaluation Fee), കോളജ് അഡ്‌മിനിസ്ട്രേഷൻ ഫീ (College Administration Fee), അഫിലിയേഷൻ ഫീ (Affiliation fee) എന്നിവയിൽ നിന്നുള്ള തനത് ആഭ്യന്തര വരുമാനത്തിൽ നിന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ ടിഎ, സിറ്റിംഗ് ഫീ, ഓണറേറിയം, എന്നിവയ്ക്ക് പണം കണ്ടെത്തുന്നത്. കെടിയു സർവ്വകലാശാല ആരംഭിച്ചിട്ട് ഒൻപത് വർഷം പിന്നിട്ടിട്ടും ഒരു അധ്യാപന വകുപ്പ് പോലും ആരംഭിക്കാനോ യുജിസിയുടെ ഫണ്ടിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ലെന്നും ഒരു വർഷത്തിലേറെയായി സ്ഥിരം വിസിയില്ലാത്തതുകൊണ്ട് സിൻഡിക്കേറ്റ് അംഗങ്ങളുടെ പൂർണ നിയന്ത്രണത്തിലാണ് സർവ്വകലാശാല ഭരണമെന്നും സേവ് യൂണിവേഴ്‌സിറ്റി സമിതി ആരോപിച്ചു.
ALSO READ: ഗവേഷണ പ്രബന്ധത്തിൽ അടിമുടി പിശക്, പി എസ് സി അംഗം ഡോ. പ്രിൻസി കുര്യാക്കോസിൻ്റെ പിഎച്ച്ഡി വിവാദത്തിൽ