തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ ഗുഢാലോചന നടത്തിയെന്ന മുൻ മന്ത്രി കെ.ടി ജലീലിന്‍റെ പരാതിയില്‍ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. ഹര്‍ജി സ്വീകരിച്ച കോടതി കേസ്, വനിത മജിസ്‌ട്രേറ്റായ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അനീസയ്‌ക്ക് കൈമാറി.
കെ.ടി ജലീൽ നൽകിയ പരാതിയിൽ സ്വപ്‌ന സുരേഷും, പി.സി ജോർജുമാണ് പ്രതികൾ. പി.സി ജോർജിൻ്റെ സമ്മർദത്തെ തുടർന്നാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ പറയാന്‍ പ്രേരിപ്പിച്ചത് എന്നാണ് സരിത നൽകിയിരുന്ന മൊഴി. ഈ മാസം 23 നാണ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തുക. കോടതി നിശ്ചയിച്ച തിയതി മാറ്റി വേഗത്തിൽ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി നിരസിച്ചു.