തിരുവനന്തപുരം : കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ചെയർമാനായി സയ്യിദ് അഖ്‌തര്‍ മിര്‍സയെ നിയമിച്ചു. അടൂർ ഗോപാലകൃഷ്‌ണൻ രാജിവച്ച ഒഴിവിലാണ് നിയമനം. രണ്ടുതവണ ദേശീയപുരസ്‌കാരം നേടിയിട്ടുള്ള മിർസ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ്.
അടൂർ ഗോപാലകൃഷ്‌ണൻ തന്‍റെ ഉറ്റ സുഹൃത്തും താൻ അദ്ദേഹത്തിന്‍റെ ആരാധകനും ആണെന്ന് പ്രതികരിച്ച അഖ്‌തർ മിർസ ഇന്ന് തന്നെ കോട്ടയത്തെത്തി വിദ്യാർഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്‌ച നടത്തുമെന്നും പ്രശ്‌നങ്ങൾക്ക് കൂട്ടായി പരിഹാരം കാണുമെന്നും അറിയിച്ചു. രാജിവച്ച ശങ്കർ മോഹന് പകരം ഡയറക്‌ടറായി ആരെ നിശ്ചയിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സെർച്ച് കമ്മിറ്റി കൂടിയാലോചിച്ചായിരിക്കും പുതിയ ഡയറക്‌ടറുടെ നിയമനം.
കോട്ടയത്തെ കെആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം കാണിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾ സമരം തുടരുന്നതിനിടെ കഴിഞ്ഞ മാസമാണ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹനും പിന്നാലെ ചെയർമാൻ സ്ഥാനത്ത് നിന്ന് അടൂർ ഗോപാലകൃഷ്‌ണനും രാജിവച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാരിന്‍റെ നേതൃത്വത്തിൽ രണ്ട് അന്വേഷണ കമ്മിഷനുകളെ നിയമിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ടുകള്‍ ഇതുവരെയും പുറത്തേക്ക് വിട്ടിട്ടുണ്ടായിരുന്നില്ല.
അന്വേഷണ സമിതി റിപ്പോർട്ടിനെ കുറിച്ചുള്ള വിവാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു ചെയർമാന്‍റെയും ഡയറക്‌ടറുടെയും രാജി. ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കം വിദ്യാർഥികൾക്ക് അനുകൂല നിലപാട് എടുക്കുന്നതിനിടെയാണ് അന്വേഷണ സമിതിയോടുള്ള പ്രതിഷേധ സൂചകമായി ചെയർമാൻ അടൂർ ഗോപാലകൃഷ്‌ണൻ രാജിവച്ചത്. തൽസ്ഥാനത്തേക്ക് പ്രഗത്ഭരായ ആളുകളെ തന്നെ നിയമിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.