തിരുവനന്തപുരം : സ്വകാര്യ മേഖല കടന്നുവരുന്നതുകൊണ്ട് ബഹിരാകാശ ഗവേഷണ-നിര്‍മ്മാണ മേഖലയില്‍ നിന്നും ഐഎസ്ആര്‍ഒ (ISRO) പിന്മാറില്ലെന്ന് ചെയര്‍മാന്‍ എസ് സോമനാഥ് (S Somanath About Private Sectors Entry To The Space Research and Development). ഇന്ത്യയില്‍ 130 ബഹിരാകാശ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ വന്നുകഴിഞ്ഞു. ഇതിലൂടെ യുവാക്കളുടെ തൊഴില്‍ സാധ്യത ഗണ്യമായി വര്‍ധിച്ചു.
പല കമ്പനികളും ഐഎസ്ആര്‍ഒയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നത്. ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് ഈ കമ്പനികളില്‍ വന്‍ ഡിമാന്‍ഡാണ്. ചില ആളുകള്‍ ഇസ്‌റോയില്‍ നിന്ന് വിരമിക്കുന്നതിന് അവര്‍ കാത്തിരിക്കുകയാണ്.
ഇന്ത്യയില്‍ അഞ്ച് കമ്പനികള്‍ക്ക് ഉപഗ്രഹം നിര്‍മ്മിക്കാനുള്ള കഴിവുണ്ട്. ഇതില്‍ മൂന്ന് കമ്പനികള്‍ അവരുടെ ഉപഗ്രഹങ്ങള്‍ പുറം രാജ്യങ്ങളിലെ റോക്കറ്റുകള്‍ വഴി വിക്ഷേപിച്ചുകഴിഞ്ഞു. സമീപ ഭാവിയില്‍ ഇന്ത്യയ്ക്ക് ലോക ഉപഗ്രഹ നിര്‍മ്മാണത്തിന്‍റെ ഹബ് ആയി മാറാന്‍ കഴിയും.
ഇതിനുള്ള പ്രോത്സാഹനം ഇസ്‌റോ നല്‍കുകയാണ്. സാങ്കേതിക വിദ്യ എവിടെ നിന്ന് വരുന്നതിനും നമ്മള്‍ എതിരല്ല. അനാവശ്യമായ നിയന്ത്രണങ്ങള്‍ സാങ്കേതിക വിദ്യ കടന്നുവരുന്നത് തടസപ്പെടുത്തും. പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് ജോലി സാധ്യത തുറന്നിടുന്ന ഒന്നാണിത്.
ഇതിനര്‍ഥം ബഹിരാകാശ മേഖലയില്‍ നിന്നും ഇസ്‌റോ പിന്‍മാറുന്നു എന്നല്ല. ഇപ്പോള്‍ ഏതെല്ലാം മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവോ അവിടങ്ങളിലെല്ലാം സജീവമായി ഇസ്‌റോ തുടരും, എന്ന് മാത്രമല്ല പങ്കാളിത്തം ഗണ്യമായി ഉയര്‍ത്തുകയും ചെയ്യും.
ആദ്യ പിഎസ്എല്‍വി എന്‍-1 നായുള്ള (PSLV) സ്വകാര്യ കണ്‍സോര്‍ഷ്യം നിലവില്‍ വന്നുകഴിഞ്ഞു. 2024 ഒക്‌ടോബര്‍ മാസത്തില്‍ പിഎസ്എല്‍വി എന്‍-1 സജ്ജമാകും. എസ്എസ്എല്‍വി ലോഞ്ച് പാഡ് (SSLV Launch Pad) ഇപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ ഘട്ടത്തിലാണ്.
ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലാണ്. ലോഞ്ച് പാഡിന്‍റെ രൂപകല്‍പ്പന പൂര്‍ത്തിയായി. ടെന്‍ഡര്‍ പ്രക്രിയ പുരോഗമിച്ചുവരുന്നു.
ഡിസംബര്‍ മാസത്തില്‍ ഇത് ടെന്‍ഡര്‍ ചെയ്യും. 2 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ (Gaganyan Mission) പ്രധാനമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. പദ്ധതി അതിന്‍റെ യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കുകയാണ്.
ടിവി-ഡി1 മിഷനില്‍ നിന്ന് അത് വ്യക്തമാണ്. ഡിസംബര്‍ മാസത്തില്‍ ആളില്ലാ ജിഎക്‌സ് മിഷന്‍ (GX Mission) സാധ്യമാകും. റോക്കറ്റിന്‍റെ എല്ലാ പ്രധാന ഭാഗങ്ങളും പൂര്‍ത്തിയായി. ക്രയോജനിക് സ്‌റ്റേജ് ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാകും. ക്ര്യൂ മൊഡ്യൂള്‍ സബ് അസംബ്ലി പൂര്‍ത്തിയാകുന്നതിന് കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷമാദ്യം ആളില്ലാ ഗഗന്‍യാന്‍ ഭ്രമണ പഥത്തിലെത്തിച്ച് തിരികെയെത്തിക്കാന്‍ സാധിക്കും.
ആദിത്യ (Aditya L1 Mission) ജനുവരി 7ന് എല്‍1 പോയിന്‍റില്‍ പ്രവേശിക്കുമെന്നും സോമനാഥ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്‍റെ അറുപതാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഐഎസ്ആര്‍ഒ ചെയര്‍മാന്‍.